Wednesday, August 6, 2008

“എനിക്ക്,..... എനിക്കിഷ്ടമായിരുന്നു.”

ഒടുവില്‍ ഒരു പേജില്‍ 'ഇഷ്ടമാണ്'എന്നു മാത്രമെഴുതി എഴുത്തു പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പ്രശ്നം ഇതു മാത്രമാണല്ലോ അവളെ എനിക്കിഷ്ടമാണ് അതങ്ങു നേരെ പറയാ നൊരു .... ഒരു....എന്താ പറയുക ഒരു...ഇത്. ഒരു കടലാസുകഷ്ണം കൊണ്ട് പ്രശ്നം അങ്ങു തീര്‍ത്തേക്കാം.തെറിയൊന്നുമല്ലല്ലോ ഇഷ്ടമാണ് അത്രമാത്രം.
പടിയിറങ്ങുമ്പോള്‍ വലതു വശത്തായി അമ്മ തടമെടുത്തു വെള്ളമൊഴിച്ചു വളര്‍ത്തുന്ന നന്ത്യാര്‍വട്ടച്ചെടിയുണ്ട്.ഏതു കാലത്തും അതില്‍ പൂവിനു പഞ്ഞമുണ്ടാവാറില്ല.നേര്‍ത്ത സുഗന്ധം,വെണ്മ,ജാഡകളില്ലാത്ത ലാളിത്യം നന്ത്യാര്‍ വട്ടം. പുലര്‍ച്ചെ കുളിച്ച് കുറുനിരകളിലും കണ്ഠത്തിലും വാര്‍മുടിത്തുമ്പിലും ജലകണങ്ങളലങ്കരിക്കുന്ന നാടന്‍ പെണ്‍കിടാവിന്റെ കാന്തിയോടെയാണു നില്പ്പ്.ചിലദിവസം നീഹാരമണിഞ്ഞു നില്‍ക്കുന്ന പൂവിനെ അവളുടെ മുഖകാന്തിയോടു സങ്കല്പ്പിച്ചു നോക്കും വെറുതെ.ഒരു പൂ എന്നും പറിക്കും അവള്‍ക്കു കൊടുക്കാനാണ്. അതെങ്ങനെയാ വെറുതെ ഒരു പൂ കൊടുത്ത് ഇതെടുത്തോളൂ എന്നു പറയുന്നത്, അവളുടെ മുടിത്തുമ്പില്‍ സ്വതവേ എന്തെങ്കിലും നാട്ടു പൂക്കളുണ്ടാവാറുണ്ട്.തുളസിക്കതിരോ,പാരിജാതത്തിന്റെയോ തെച്ചിയുടേയോ ഇതളുകളോ മറ്റുമായി.കാലത്ത് ലോത്തിക്കാവില്‍ തൊഴാന്‍ കയറുന്നുണ്ടാവണം.എന്തായാലും ഇന്നെങ്കിലും ഇതു കൊടുക്കണം വെറുതെ'ഇഷ്ടമാണ്'എന്നു മാത്രം കുറിച്ച ഒരു കടലാസിനൊപ്പം ഒരു പൂ കൂടി.

പഴൂര്‍ പുഴയുടെ പാലത്തിന് വീതി വളരെ കുറവാണ് പാലം നിറയെകുണ്ടുംകുഴിയും.ഇരു വശത്തും തുരുമ്പിച്ചു വളഞ്ഞ കൈവരികളാണുള്ളത്.കിഴക്കുനിന്നു വരുന്ന പുഴയെ പാലത്തിന്റെ തൂണ്‍ വെറുതെ പകുത്തു വിടും ഇപ്പുറത്ത് പിരിഞ്ഞിരുന്ന ഒരു നിമിഷത്തിന്റൊവേശത്തില്‍ തൂണിനെയൊന്നു പരിഹസിച്ചൊരു ചിരിയോടെ ചുഴിയോടു കൂടെ ഒന്നായി ഒഴുകും.അല്പമൊഴുകിയാല്‍ ഒരു തടയണയാണ്.വേനലില്‍ വെള്ളം കിട്ടാന്‍ വേണ്ടി പഞ്ചായത്തു പണിതിട്ടിരിക്കുന്ന കരിങ്കല്‍തിട്ട.അവിടെനിന്ന് ചെറിയൊരാരവത്തോടെ താഴേക്കു വെള്ളം പതിക്കുന്ന ഒച്ച കേള്‍ക്കാം. നിത്യവും അവള്‍ക്കു കൊടുക്കാനായി പറിക്കുന്ന നന്ത്യാര്‍ വട്ടപ്പൂക്കള്‍ പാലത്തില്‍ വച്ച് അവള്‍ കടന്നു പോയിക്കഴിഞ്ഞാല്‍ പടിഞ്ഞാറേ കൈവരിയില്‍ പിടിച്ച് താഴേയ്ക്കിടും അത് ഒഴുകി ആ കെട്ടിനപ്പുറം മറയുന്നതുവരെ വരെ നോക്കി നില്‍ക്കും.ആ തടയണയ്ക്കപ്പുറം പുഴയുടെ ഇരു വശവും വലിയ പുല്ലുകളും കൈതക്കാടുകളുമാണ് കുറച്ചകലെ പുഴയുടെ മധ്യത്തിലായി വലിയ ഒരു കല്ലു നില്‍ക്കുന്നുണ്ട് അതിനപ്പുറം പുഴയുടെ ഒഴുക്കിനെ കാഴ്ച്ചയില്‍ നിന്നു മറച്ചു കൊണ്ട് അഹങ്കാരത്തോടെ.
അല്പം നേരത്തെയിറങ്ങിയ ഒരു ദിവസം പാലത്തിന്റെ മുകളിലൂടെ നടന്നുകൊണ്ടവള്‍ വരുന്നതു കണ്ടു പിന്നീട് ഞാന്‍ ഇറങ്ങുന്ന സമയം അല്പം നേരത്തെയാക്കുകയാണു ചെയ്തത്. മിക്കവാറും ആരും ആ സമയത്തു പാലത്തില്‍ ഉണ്ടാകാറില്ല അവള്‍ നേരെ നടന്ന് എന്നെ കടന്നുപോകും. ചിലപ്പോള്‍ യാദൃശ്ചികമായി മുഖത്തേയ്ക്കൊന്നു നോക്കും അതിനു കുറേ അര്‍ത്ഥങ്ങള്‍ നിര്‍വചിച്ച് രണ്ടു ദിവസം ഞാന്‍ നേരം കളയും. പാലത്തിന്റെ അങ്ങേയറ്റത്തു വച്ച് അവള്‍ തിരിഞ്ഞു നോക്കും എന്നൊരു പ്രതീക്ഷയില്‍ ഞാനൊന്നു തിരിഞ്ഞുനോക്കും.അവള്‍ ഒന്നുമറിയാത്തപോലെ പോകും.എങ്കിലും പാലത്തില്‍ വച്ച് അവളെന്നെകടന്നു പോകുന്ന ആ രണ്ടു നിമിഷം ഹൃദയം ഒരു കാന്തമായിത്തീരുന്നുണ്ടോ എന്നു തോന്നും അല്ലെങ്കില്‍ എന്തായിരിക്കും അത്രയും ശക്തമായൊരു ചലനം ഹൃദയത്തില്‍ സൃഷ്ടിക്കുന്നത്?.

എന്നത്തേക്കാളും ഹൃദയം വല്ലാതെ മിടിച്ചു. എന്നത്തേയും പോലെയല്ല ഒരു ഇളം ചൂട് മേല്‍നിറയുന്നതു പോലെ.

ശബ്ദമെങ്ങാന്‍ വിറയ്ക്കുമോ ഏയ്.

വെറുതേ പോകുന്നൊരു പെണ്‍കുട്ടിയോട് ഇഷ്ടമാണ് എന്നൊക്കെയങ്ങുപറയുന്നത് ശരിയാണോ,

അതൊന്നും ഓര്‍ക്കേണ്ട ചുമ്മാ ഒരുവാക്കുമാത്രമടങ്ങിയൊരു കുറിപ്പും ഒരു നന്ത്യാര്‍ വട്ടപ്പൂവും കൊടുത്തെന്നു വച്ച് എന്താണ്.?

അവള്‍ അടുത്താണ് ഇന്നും ഇപ്പൊഴും പറഞ്ഞില്ലെങ്കിലിനി എപ്പൊഴാണ്.

വെറുതെ അവളുടെ മുഖത്തേയ്ക്കൊന്നു നോക്കി അവളും യാദൃശ്ചികമായാണോ നോക്കിയത് നേരെ കണ്ണുകളില്‍ ദൃഷ്ടി പതിയുന്നത് ഒരു വല്ലാത്ത അവസ്ഥയാണ്.മനസ്സിലുള്ളത് നാമറിയാതെ ചോര്‍ന്നു പോകും. അതു കൊണ്ട് അല്പം ധൃതിപ്പെട്ടെങ്കിലും പതുക്കെ പറഞ്ഞു.

“ഹലോ...ഗുഡ്മോണിംഗ്”
.
“ഗുഡ് മോണിംഗ്”........ വളരെ സൗമ്യമായി അവള്‍ പറഞ്ഞു.

എന്റെ മുഖത്തരു പുഞ്ചിരിയുണ്ടായിരുന്നോ എന്നെനിക്കറിയില്ല അവള്‍ ചിരിച്ചു കൊണ്ടാണു പറഞ്ഞത്.ഇടതു കവിളില്‍ ഒരു ചെറു നുണക്കുഴി വിടര്‍ന്നിരുന്നു.കണ്ണുകളില്‍ ഒരു പ്രകാശമുണ്ടായിരുന്നു.ഇത്രയും സൗമ്യമായി പ്രതികരിക്കുന്നൊരാളാണൊ ഇന്നലെ വരെയൊന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ എന്നെ കടന്നു പോയിരുന്നത്.

“എവിടെയാ പഠിക്കുന്നത്?”

“പട്ടാമ്പി..”

“പേര്..?”

“മായ....”

“ഇയാള്‍ടെ പേരെന്താ...”

“പ്രദീപ്.”…………….പിന്നെ,.

പിന്നെന്താ?.. അവള്‍ അതേ ചിരിയോടെ ചോദിച്ചു.

അല്ല,വീട് എവി..ടെ..യാന്നു...

“ഇവിടടുത്താ അമ്പലത്തിന്റവിടന്ന് അല്പദൂരം. പോട്ടെ ബസ് വരാറായിട്ടുണ്ട്.”

“ശരി...ബൈ....”

ശ്ശെ, ഇത്ര മര്യാദയായി ഇടപെടുന്നൊരു കുട്ടിയോട് ഇത്രനാളും ചുമ്മാ ഗൗരവം നടിച്ചു നടന്നു എന്നോര്‍ത്തപ്പോള്‍ ചമ്മല്‍ തോന്നി.പോക്കറ്റില്‍ കിടന്ന ഒറ്റവരിയെഴുതിയ കടലാസ് എടുത്തു നന്ത്യാര്‍വട്ടപ്പൂ അതില്‍ വച്ച് പാലത്തിന്റെ കൈവരിയോടടുത്തു നിന്ന് പുഴയിലേക്കിട്ടു...

“ദീപു..”

അവള്‍ തിരിഞ്ഞു നിന്നു വിളിച്ചു...

“അതു കളഞ്ഞോ...”

അയ്യൊ!

വെപ്രാളത്തോടെ താഴേയ്ക്കു നോക്കി കടലാസിന്റെ മധ്യത്തില്‍ വെള്ളം നനയാതെ ആ നന്ത്യാര്‍ വട്ടപ്പൂ ഓളങ്ങളില്‍ തങ്ങി യാത്ര തുടങ്ങിയിരുന്നു.

“ഏയ്...അത്....അതൊരു നന്ത്യാര്‍ വട്ടപ്പൂവ്വാണ്... മായക്കിഷ്ടമായില്ലെങ്കിലോ എന്നു കരുതി.....”

“എനിക്ക്,..... എനിക്കിഷ്ടമായിരുന്നു."

അതു പറയുമ്പോള്‍ അവളുടെ കവിളുകള്‍ ശോണിമയാര്‍ന്നു തുടുത്തിരുന്നു,കണ്ണിലൊരു തെളിച്ചം നിറഞ്ഞിരുന്നു,പുഞ്ചിരിയില്‍ ഒരു അപൂര്‍വ്വഭാവം കലര്‍ന്നിരുന്നു.വാക്കുകള്‍ ചിലപ്പോള്‍ സൃഷ്ടിക്കുന്ന പ്രപഞ്ചത്തെകുറിച്ച് വര്‍ണ്ണന അസാധ്യമാണ്.അതില്‍ നിന്നുമുണര്‍ന്ന്
വീണ്ടും താഴേക്കു നോക്കുമ്പൊള്‍ തടയണയില്‍ നിന്ന് ആ പൂവ്വും കടലാസും ഒരു മിന്നായം പോലെ താഴേക്കു പതിയ്ക്കുന്നതു കണ്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ അവളും കാഴ്ചയില്‍ നിന്നു മറഞ്ഞിരുന്നു പാലം കഴിഞ്ഞ് വലത്തോട്ടുള്ള തിരിവിനെ മറയ്ക്കുന്ന കവുങ്ങിന്‍ തോപ്പിനുള്ളിലൂടെ അവളെ ഒന്നു കൂടി കാണുമെന്നു വെറുതെ പ്രതീക്ഷിച്ചു.

പിറ്റേന്ന് ചേച്ചി ഓമനിച്ചു വളര്‍ത്തുന്ന പനിനീര്‍ചെടിയുടെ ഏറ്റവും തുടുത്ത പൂവും കൊണ്ട് ഞാനവിടെ കാത്തുനിന്നു.
പിന്നെയും കുറെ നാള്‍.
അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ സ്മരണകളുടെ തടയണകളെല്ലാം കുതിര്‍ന്നിടിഞ്ഞു പോയി.
മായ...
പതഞ്ഞൊഴുകുന്ന പുഴകാണുമ്പോള്‍,മഞ്ഞണിഞ്ഞു നില്‍ക്കുന്ന നന്ത്യാര്‍വട്ടപ്പൂക്കളെക്കാണു-
മ്പോളൊക്കെ മാത്രം തുടിയ്ക്കുന്ന ഒരോര്‍മ്മയും.

21 comments:

കാവലാന്‍ said...

"“എനിക്ക്,..... എനിക്കിഷ്ടമായിരുന്നു.”"


എന്താ ഏതാന്നൊന്നും ചോദിക്കരുത്,എന്തു ചെയ്യാം ഭാവനയെണ്ടൊരു സ്വൈരമില്ലെന്നു പറഞ്ഞാല്‍ പോരെ.

Unknown said...

“എനിക്ക്,..... എനിക്കിഷ്ടമായിരുന്നു.”

എനിക്കും! :)

പക്ഷേങ്കി, തോട്ടിനരികില്‍ തോര്‍ത്തുമുണ്ടും ഉടുത്തു് ഉമിക്കരികൊണ്ടു് പല്ലുതേച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ കണ്ണെഴുതി പൊട്ടുതൊട്ടു് കുണുക്കുകമ്മലുമിട്ടു് “ആരെയും ഭാവഗായകനാക്കുന്ന” മധുമന്ദഹാസവുമായി കൃതയുഗം മുതല്‍ കാത്തിരുന്ന പെണ്‍കൊടി‍ ഒറ്റയ്ക്കു് വരമ്പത്തുകൂടി വരുമ്പോള്‍ ചിരിക്കുന്നതെങ്ങനെ? ചിരിക്കാതെങ്ങനെ? കരയുന്നതെങ്ങനെ? കരയാതെങ്ങനെ? :)

“First impression is the best impression” അഥവാ, “പാപി ചെല്ലുന്നേടം പാതാളം”! :(

keralainside.net said...

Your post is being listed by www.keralainside.net.
Under "Ormmakuripp" category When ever you write new blog posts , submit your blog post category details to us. Thank You..

ശ്രീ said...

എനിയ്ക്കും ഇഷ്ടമായി, ഈ പോസ്റ്റ്.
:)

ബിന്ദു കെ പി said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..

കാവലാന്‍ said...

ശ്രീ,ബിന്ദു,.........നന്ദി. :)

സീകെ,തോട്ടീന്നു കേറീല്യാലെ.
ഹും! എന്റെ പ്രേമസാഗരത്തില്‍(ഇറാലി വെള്ളം ഉറുമ്പിനു സമുദ്രം) ഉമിക്കരി കലക്കിയ പഞ്ച പാതകാ നിന്റെ
നിന്നെ ഞാനിതാ അനുഗ്രഹിക്കുന്നു
"നീര്‍നാഗദംശണ്യേനഃ അത്താഴസ്യ ഗോവിന്ദഃ"

നിലാവ്‌ said...

"നീര്‍നാഗദംശണ്യേനഃ അത്താഴസ്യ ഗോവിന്ദഃ"
ദദ്‌ കലക്കി...ഹാ ഹാ

Unknown said...

"നീര്‍നാഗദംശണ്യേനഃ അത്താഴസ്യ ഗോവിന്ദഃ"

അതാവതു്, സുറിയാനിയില്‍ പറഞ്ഞാല്‍:

നീര്‍നാഗമാകുന്ന പോത്തട്ടയുടെ കടിയേറ്റു് അത്താഴം കഴിക്കാതെയും, ഉറങ്ങാന്‍ കഴിയാതെയും “ഗോവിന്ദന്‍” പരുക്കന്‍ തഴപ്പായയില്‍ രാത്രി മുഴുവന്‍ ഉരുണ്ടുനേര്‍ച്ച കഴിക്കണമെന്നു്! കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടാ!

അപ്പോ ഗോവിന്ദനു് ഇപ്പറയുന്ന പ്രേമമൊന്നും വേണ്ടാന്നാരിക്കും! “ഇന്ദുമുഖീ ഇന്നുരാവില്‍ എന്തുചെയ്‌വൂ നീ..” എന്നൊന്നും പാടാന്‍ പാടില്ലാന്നാരിക്കും! ഈ പ്രേമത്തിനു് കണ്ണില്ല, മൂക്കില്ല, ഗോവിന്ദനെന്നോ, കാവലാനെന്നോ ഇല്ല. തല്ലിക്കൊന്നാപ്പോലും ഒട്ടു് ചാവുകേമില്ല. :)

നായകന്റെ പ്രേമസാഗരത്തെ വില്ലന്റെ ഒരുതുള്ളി അപവാദത്തിനു് കലക്കാന്‍ കഴിയുമെങ്കില്‍ അതെന്തു് പ്രേമം? (നസ്രാണികള്‍ ദൈവത്തെ സോപ്പിടുന്നതും ഏതാണ്ട്‌ ഇതുപോലെയാണു്. “നിന്റെ സ്വര്‍ഗ്ഗീയ കരുണയാകുന്ന മഹാസമുദ്രത്തെ എന്റെ പാപമാകുന്ന ഒരുതുള്ളി ചെളികൊണ്ടു് കലക്കാന്‍ കഴിയുമോ?” യുക്തിയുക്തമായ ഈ ചോദ്യത്തിന്റെ വെട്ടില്‍ ദൈവം നിരുപാധികം വീഴാതെന്തു് ചെയ്യാന്‍? അങ്ങേര്‍ക്കും നാളെ മനുഷ്യന്റെ മുഖത്തു് നോക്കാനുള്ളതല്ലേ?) :)

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും ഇഷ്ടമായി... ഈ എഴുത്തുകള്‍...

Sarija NS said...

“അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ സ്മരണകളുടെ തടയണകളെല്ലാം കുതിര്‍ന്നിടിഞ്ഞു പോയി.“


വിനൂ എന്നാലും ആ നന്ത്യാര്‍ വട്ടപ്പൂവിനെ കൈവിട്ടു കളഞ്ഞതെന്തെ?

പാമരന്‍ said...

മാഷേ, കുറേ പ്രണയകാല സ്മരണകള്‍ കുടഞ്ഞു പുറത്തിട്ടു! ഞാന്‍ പക്ഷേ ആ പൂവു കൊടുക്കാതിരുന്നില്ല കേട്ടോ. പില്‍ക്കാലത്ത്‌ ഒരാണ്‍ പൂവും ഒരു പെണ്‍പൂവുമായി അവളെനിക്കതു പലിശസഹിതം തിരിച്ചു തന്നു!

ഓ.ടോ. അത്താഴസ്യ കലകലക്കി :)

അല്ഫോന്‍സക്കുട്ടി said...

എനിക്കും ഇഷ്ട്മായി ഈ നന്ത്യാര്‍വട്ട പ്രണയം.

smitha adharsh said...

പനിനീര്‍പൂ കൊടുത്തു പ്രേമിക്കാന്‍ നടക്കുന്നവരെ കണ്ടിട്ടുണ്ട്..ഈ നന്ത്യാര്‍ വട്ടപൂ ആദ്യമാണ് കാണുന്നത്..
കിടിലന്‍ പോസ്റ്റ്..നന്നായി..ഒരുപാടൊരുപാട്..ഇഷ്ടമായി..ഒത്തിരി,ഒത്തിരി.

Typist | എഴുത്തുകാരി said...

മായക്കു നന്ത്യ്യാര്‍വട്ടപൂ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍, ആ കളഞ്ഞ പൂ എടുക്കാന്‍ തോട്ടില്‍ ചാടുമെന്നാ കരുതിയേ.

കാപ്പിലാന്‍ said...

കാവലാന്റെ മനസിലും പ്രണയമോ ? എന്‍റെ ബ്ലോഗനാര്‍കാവിലമ്മേ നിനക്ക് കണ്ണും മൂക്കും ഒന്നുമില്ലേ ?
നല്ല എഴുത്ത്...ചുവടുമാറ്റം ..ഇഷ്ടപ്പെട്ടു ..ഈ പ്രണയനൊമ്പര പൂവ്

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്ശൊ എന്തൊരു ഭാവന

Rajeesh said...

ഓര്‍മ്മകള്‍ അയവിരക്ക്കുകയാനല്ലേ ? നല്ല ആശയം...കൊള്ളാം..

Sharu (Ansha Muneer) said...

എനിക്കും ഇഷ്ടമായി :)... കനലെരിയുന്ന വാക്കുകളില്‍ നിന്ന് പ്രണയത്തിന്റെ കുളിര്‍മ്മയിലേയ്ക്ക് ഒരെത്തി നോട്ടം... നന്നായി

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ട്മായി ഈ പ്രണയം!

തണല്‍ said...

തോന്നുന്നതെന്താന്നങ്ങട് വച്ചാ കളയേണ്ടിയിരുന്നില്ലാ കാവലാനേ..ആ നന്ത്യാര്‍വട്ടപ്പൂവ് നീ കളയേണ്ടിയിരുന്നില്ലാ...!
-നന്നായി.

ഉപാസന || Upasana said...

കാവലാന്‍ വശീകരിച്ച് കളഞ്ഞു.
സിമ്പിള്‍ ലവ്..!!!

“ദീപു.. അത് കളഞ്ഞോ” എന്ന് ചോദിയ്ക്കുമ്പോ അപ്രതീക്ഷിതമായ, സുന്ദരമായ ഒരു ടേണ്‍.
അവിടെ വായന സാന്ദ്രീകരിയ്ക്കുന്നു.

പിന്നെ അവസാന ഖണ്ഡീകയിലെ അവസാനവരികള്‍ മാത്രം എഴുതിയാ മതിയായിരുന്നു. ചേച്ചി നട്ടു വളര്‍ത്തിയ നന്ത്യാര്‍വട്ടപ്പൂവിനെക്കുറിച്ചുള്ള പരാമര്‍ശം കഥയുടെ എന്‍ഡിങ്ങിന് അലസോരമാകുന്നുവെന്നാണ് എന്റെ പക്ഷം.
:-)

എന്നും സ്നേഹത്തോടെ
ഉപാസന