Sunday, November 14, 2010

ചേര് മരങ്ങള്‍.

ഉറക്കം വരുന്നില്ല, ഉറക്കം വരാത്തതെന്ത്? രണ്ടു മൂന്നു ദിവസമായി. ഇന്നിപ്പോള്‍ ദേ ഒരു മണിയായി ഇനി വെറും നാലുമണിക്കൂറെ ഉറങ്ങാന്‍ കിട്ടൂ.ശരിക്കുറങ്ങിയില്ലെങ്കില്‍ എന്റെ മുഖം ഏതാണ്ട് വെരുകിന്റെ മുഖം പോലെ കൂര്‍ത്തും കറുത്തുമിരിക്കും. ദേഷ്യം വരുന്നു. ഉറക്കം വരാതിരിക്കുമ്പോള്‍ ദേഷ്യപ്പെട്ടിട്ട് എന്താണു പ്രയോജനം! ദേഷ്യത്തെ നട്ടുനനച്ചു വളര്‍ത്തി അതിപ്പോള്‍ഒരു ചേരുമരം പോലെ വളര്‍ന്ന് വല്ലാതെ പന്തലിച്ചിരിക്കുന്നു.അപൂര്‍വ്വം ചിലര്‍ക്കുമാത്രം അത് തണലും തലചായ്ക്കാനിടവും നല്‍കുന്നു മറ്റുള്ളവരൊക്കെ വന്നിരുന്ന് ചൊറിഞ്ഞ് മാന്തി നീരുവച്ച മുഖങ്ങളോടെ,ദേഹങ്ങളോടെ പ്രാകിക്കൊണ്ട് എഴുന്നേറ്റു പോകുന്നു.
ഞാനെന്തു
ചെയ്യും? കാലാകാലങ്ങളില്‍ എനിക്ക് വെള്ളവും വളവും തന്നതിനു പകരം ഒരു വേനലിലിന് എന്നെയെങ്ങ് കരിച്ചുകളയരുതായിരുന്നോ?ഒരു വര്‍ഷത്തിന് അങ്ങ് പിഴുതുകളയരുതായിരുന്നോ? ചേരിനെക്കൊണ്ട് ആകെ ഒരുപകാരം മണ്ണാത്തി പാറുവിനായിരുന്നു.വെണ്ണീറിട്ടു പുഴുങ്ങി അലക്കിവെളുപ്പിച്ച മുണ്ടുകളുടെ കോണില്‍ കാഴ്ചയ്ക്ക് കരുപ്പിടിയെ വരച്ചെതെന്ന് തോന്നുന്നവിധം ഒരു അടയാളമിടാന്‍ ഇടയ്ക്ക് അവള്‍രണ്ടു കായ് പെറുക്കും. ഹും ചിലപ്പോള്‍ അവളുടെ തലമുറതന്നെയായിരിക്കും എന്നെയിവിടെ കുടിപാര്‍പ്പിച്ചത് എന്നിട്ടിപ്പോഴെന്തായി? അവള്‍ക്കു തലമുറയുണ്ടോ? അവരൊക്കെ പഠിച്ചു വലുതായി പണിക്കാരായി. ഇപ്പോ ഞാനവര്‍ക്ക് ഒരപമാനമായി.

"നിന്റച്ചമ്മ നട്ട ചേരാടാ നിഷാദേന്ന്"

ചെക്കനെ
പിള്ളേര് ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നാണ് തോന്നുന്നത്.

കെഴക്കേകരേമ്മിലെ മൊയ്തുട്ടീന്റെ പീടികേലിക്ക് വല്ല അത്യാവശ്യ സാധനങ്ങളും വാങ്ങാന്‍ പോണ പോക്കില്‍ അലക്കി വെളുപ്പിച്ച് കൊടുക്കാനാവാത്ത ചിലരുടെ മനസ്സിലെ കറയെ പ്രാകിക്കൊണ്ട് ചെക്കന്‍ കല്ലെടുത്ത് അകലെ നിന്നൊരു ഏറ് എന്നെയെറിയും,അതു കൊണ്ട് വെളുത്ത ചോര പൊടിയും.

കര്‍ക്കട സംക്രാന്തിക്ക് പൊട്ട്യേകളയുന്ന പൊട്ടക്കലവും അടിക്കാടും കുപ്പയും മുഴുക്കെ എല്ലാവരും എന്റെ കടയ്ക്കല്‍ കൊണ്ടുവന്നിടും,
"പൊട്ടി പൊറത്ത് ശീവോത്യകത്ത്" ന്നും പറഞ്ഞ് ഒറ്റയേറാണ്,എന്നിട്ട് തിരിഞ്ഞു നോക്കാതെ നടന്ന് കിഴക്കേ കുളത്തില്‍ കുളിച്ച് വീട്ടിലേക്കു പോകും.പൊട്ടീം മക്കളുമെന്റെ കടയ്ക്കല്‍ കിടന്ന് പൊട്ടിമുളച്ച് പടര്‍ന്ന് പന്തലിച്ച് എന്നില്‍ ചേരും,ഏതോ ഒരു പൊട്ടിക്കലത്തിലേറി ഒരു കാട്ടുചേനത്തൈയ്യുംഅതിനിടയ്ക്ക് ചുവട്ടില്‍ മുളച്ചു വന്നു. കണ്ടാല്‍ നല്ല ഉരമുള്ള മൊഴുപ്പുമുറ്റിയ തണ്ടും വിഷമുള്ള
പച്ചച്ചോര നിറഞ്ഞു തുടിക്കുന്ന ഇലകളുമായി ഒരു സുന്ദരന്‍ കാട്ടു ചേന.മേടം പോക്കിന് അതിന്റെ കാളന്‍ വിരിയുമ്പോള്‍ ഒരു നാറ്റമുണ്ട് അപ്പോള്‍ പിന്നെ ഒരൊന്നന്നര ആഴ്ചത്തേയ്ക്ക് ഒരു മനുഷ്യ ജീവിയെ പ്രദേശത്തു കൂടി നോക്കേണ്ട.

"ചത്ത ശവം കെടന്ന് നാറണെന്ത്യാ ചേരിന്റെ ചോട്ടില് നാറണെ എന്തിന്യാ തല്ലിക്കൊന്ന് കൊണ്ടോയിട്ടേര്‍ക്കണേന്ന് ആര്‍ക്ക
റിയാം?" എന്ന് ഉച്ഛത്തില്‍ ആത്മഗതങ്ങളുയരും.

പിന്നെ കുറേക്കഴിഞ്ഞാല്‍ അതിനൊരു തണ്ടും പച്ചക്കായ്കളും വരും,പഴുത്ത് നല്ല ചെമ്പഴുക്കാ നിറത്തിലങ്ങനെ സകലജീവികളേയും കൊതിപ്പിച്ചുകൊണ്ട് നില്‍ക്കും.മിക്കവാറും കുയിലുകളാണ് അതു തിന്നാനായി പറന്നെത്താറ്. കുശുമ്പു മൂത്തിട്ടാവണം ഏതെങ്കിലുമൊരു കാക്ക എവിടെനിന്നെന്നറിയാതെ പറന്നിറങ്ങി കുയിലിനെ ആക്രമിക്കും. "കൂ....വോ.......കു...ഹൂ.....കുഹൂ കുഹൂ...." എന്ന് ആവലാതിപ്പെട്ട് കുയില്‍ പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയിലൂടെ താഴ്ന്നു പറന്ന് രക്ഷപെടും .എന്തായാലും തൊണ്ടയില്‍ നിന്ന് വെറുതെയല്ല ഇത്ര നല്ല സംഗീതമുയരുന്നത്.മഴക്കാറ് കുനികുത്തിനിന്നു പെയ്യുന്ന ഒരു കര്‍ക്കടകത്തില്‍ കാട്ടുചേന ആരോ പറിച്ചോണ്ടു പോയി.

"പട്ടാളമാകും അല്ലാണ്ടാരാ ആ മന്തന്‍ ചേരിന്റെ ചോട്ടീപ്പോയി കാട്ടു ചേന പര്‍ക്ക്യാ?"
എന്ന് ആളുകള്‍ കുണ്ഡിതപ്പെട്ട് കര്‍ക്കടകം കഴിഞ്ഞു.ചേന കൊണ്ടു പോയത് നായാടിച്ചി കുറുമ്പയായിരുന്നു.
"ഏന്.....മ്പ്രാട്ട്യേയ്.... "എന്ന് പലപല പടിക്കലും കരഞ്ഞുവിളിച്ച് കുറുമ്പ തോളുമാറാപ്പില്‍ പലവിധം അരിയും ചിലതരം കിഴങ്ങും കയ്യില്‍ ഉറികെട്ടുന്ന ഇഞ്ചവള്ളിയുമായി തിരിച്ചു വരുന്ന വരവായിരുന്നു.പെട്ടന്ന് പടിഞ്ഞാറിനു മദം പൊട്ടി അലറിവിളിച്ച് കാടുമെതിച്ച് കര്‍ക്കിടകമഴ വന്നപ്പോള്‍ നായാടിച്ചിഎന്റെ ചോട്ടില്‍ വന്നിരുന്നു.ഉണങ്ങിയ കറുത്ത കൈത്തണ്ട,ചൊറിഞ്ഞ് മാന്തി മൊരിപൊന്തിയ വെണ്ണീറു നിറമുള്ള കാലുകള്‍, ഒട്ടിയുണങ്ങി ചുളിഞ്ഞ വയറ്.ചേരിന്റെചോട്ടില്‍ നായാടിച്ചി കുത്തിയിരുന്നു.

"പണ്ടാറമഴ മെന്ക്കെട്ത്തീലോ ന്റ തെയ്....വേ... ത് ഭൂ....."
എന്ന്‍പച്ച മുറുക്കാന്‍ ച്ണ്ടി തുപ്പി. അപ്പോഴാണ് തലയ്ക്കുമീതെ പന്തലിച്ചു നില്‍ക്കുന്ന കാട്ടു ചേന നായാടിച്ചി കണ്ടത് മാറാപ്പില്‍ നിന്ന് കത്തിയെടുത്ത് അടുത്തു നില്‍ക്കുന്ന കരിമ്പനത്തൈയ്യിന്റെ പട്ടത്തണ്ട് വെട്ടിയെടുത്ത് വന്ന അവള്‍ ചേനത്തണ്ടറുത്തു.

"കാട്ടുചേന ഇരുമ്പ് കൊള്ളാതെ പുയ്ങ്ങണം!! കൊരലുമുതല്‍ കുണ്ടിവരെ ചൊറിഞ്ഞ് ചാവും പണ്ടാറടങ്ങാന്‍" എന്ന് നായാടിച്ചി പിറുപിറുത്തു.

മുണ്ടകന്‍ നാടിന് കണ്ടം പൂട്ടുമ്പോള്‍ പെണ്ണുങ്ങള്‍ തോലുവെട്ടാനിറങ്ങും.വിരിപ്പുകൊയ്തത് കണ്ടത്തില്‍നിന്ന് കളത്തിലേക്കും മുണ്ട
കന്‍നാടിനുള്ള അടിവളമായ ചാണകം തിരിച്ച് വയലിലേക്കും ഏറ്റി നടു കുനിഞ്ഞ പെണ്ണുങ്ങള്‍ക്കിടയില്‍ മുഴുത്ത മാറ് ഉന്തിപ്പിടിച്ച് നിവര്‍ന്നു നടക്കുന്ന,ചേരിലും വലിഞ്ഞുകയറി തോലുവെട്ടുന്ന ചേലൊക്കെയൊത്ത ഒരു പെണ്ണ് പട്ടാളം മാത്രം!

"ഹഹ അവരു കേള്‍ക്കെണ്ട പട്ടാളം ന്നു വിളിക്കണത്."

"ഭ്ഫാ.... മൈരാണ്ടി പട്ടാളം ആരാന്ന് നിന്റെ തന്തോട് പോയി ചോയ്ക്കടാ തെണ്ടീ"എന്ന് അലറും.
ചില തല്ലുകൊള്ളി പിള്ളാരെ പറഞ്ഞുപറ്റിച്ച് കുടുബകലഹം വരെ ഉണ്ടാക്കിയ വിരുതന്മാരുണ്ട് നാട്ടില്‍.
"അപ്പാ അപ്പാ.... പട്ടാളം ന്ന് പറഞ്ഞാ ആരാ?"
"ഛീ... ആരാണ്ടാ എന്നോട് വന്ന് പോക്രിത്തരം ചോയ്ക്കാന്‍ നെന്നോട് പറഞ്ഞേ?"
"ഔസേപ്പാപ്ല പര്‍ഞ്ഞൂലോ അപ്പനറിയാന്ന്."
".... നിന്റപ്പനൊര് പുണ്യാളന്‍! അങ്ങട് പറഞ്ഞ് കൊട്ക്ക്വേന്നോ ഓള് വെഞ്ചരിച്ച അന്നവെള്ളം മോന്തി വന്ന് ട്ടാദെവസൂം ന്റെ ന്റെ നെഞ്ഞത്ത് ങ്ങടെ അമ്പ്വെര്ന്നാള്ന്ന്."...... ''ത്ഭ്ഫൂ...........പട്ടാളം യാനകീനെ അന്വേഷിക്കുണു പൊന്നാര പുത്തറന്‍‍! ഹും....അതെങ്ങനാ വിത്തു കൊണം കാണിക്കാതിരിക്ക്വോ?"

എല്ലാപെണ്ണുങ്ങളും ഏറ്റുന്നതിന്റെ ഒരു പകുതികൂടി കൂടുതല്‍ ജാനു തലയിലേറ്റും,മരം കയറും, പിന്നെയുമുണ്ട് എന്നാണ് പെണ്ണുങ്ങള്‍ പരസ്പരംകുശുകുശുത്ത് ചിരിക്കുന്നത്, അതാണത്രേ പട്ടാളത്തിന്റെ കെട്ട്യോന്‍ കുഞ്ഞുട്ടി ഇങ്ങനെ ഉണങ്ങി വരണ്ട് നെല്ലിക്കോഴിയെപ്പോലിരിക്കുന്നത്.

"എടഞ്ഞാ ജാനു കന്നിന് നൊകം വച്ച് കണ്ടം പൂട്ടും, കളി ജാനൂന്റട്ത്ത് വേണ്ട കമ്മളേ"...ന്ന് ജാനു കമ്മളോട് പറഞ്ഞു എന്നൊക്കെ
ഒരു ശ്രുതിയുണ്ട്.

പട്ടാളം മരിച്ചു ഒരു ചിങ്ങമാസത്തില്, കേന്‍സറയാരുന്നൂന്ന്.

"പാവം എല്ലുമുറിയെ പണിതു ജീവിച്ചപെണ്ണായിരുന്നു" എന്ന് ആളുകള്‍ പരസ്പരം ദണ്ണം പറഞ്ഞു.

എനിക്കു വിഷമമായി വിണ്ടു പൊട്ടിയ വെണ്ണീറു നിറമുള്ള തൊലിയില്‍ നിന്ന് വിഷമുള്ള കറയൊലിച്ചു. ആരെയെങ്കിലും അതില്‍ മുക്കിയെടുത്ത് നിര്‍ത്തിച്ചൊറിയിക്കാന്‍,ഉടലില്‍ നീരു നിറച്ച് ശ്വാസം മുട്ടിക്കാന്‍ എനിക്ക് വല്ലാതെ തിടുക്കം തോന്നി.....

(തുടരും.......)