Wednesday, November 5, 2008

യാത്ര

എല്ലാം അത്ര വിദഗ്ദമായി ആലോചിച്ചുറപ്പിച്ച് പടികളിറങ്ങുമ്പോള്‍ ഉള്ളില്‍ കൊളുത്തിട്ടു വലിക്കുന്ന സ്മൃതികള്‍ അനവധിയായിരുന്നു.പിന്നീട് ഒഴിഞ്ഞ കീശയും മുഷിഞ്ഞ മനസുമായി തിരിച്ചണയുമ്പോള്‍ മടുപ്പില്ലാതെ അവള്‍ കാത്തുനിന്നിരുന്നു.കുളിച്ചുതോര്‍ന്ന ഉടല്‍കാന്തിയോടെ അതേ മൗനസംഗീതവും നറുമണവുമായി,വെള്ളിലപ്പൂങ്കസവു പുടവചുറ്റി ഇടയ്ക്കിടെയിളംകാറ്റിലുലയുന്ന വാര്‍മുടിയില്‍നിന്ന് വാടാത്ത പൂക്കളുതിര്‍ത്ത്,മഞ്ചാടിമണികളിടയ്ക്കിടെ പാകിയ തണല്‍ പരവതാനിവിരിച്ച് പ്രസരിപ്പുള്ള ഒരു ചെറു മന്ദഹാസവുമായി.

കാലത്തിന്റെ കാളരാത്രികള്‍ക്കൊരു പുലരിയില്ലെന്നു കരുതിയിരുന്ന ഇരുണ്ട നാഴികകളിലെപ്പൊഴോ
അവളുടെ ആലിംഗനത്തിന്റെ ഊഷ്മാവുയര്‍ന്ന് ഉടലാകെ പുഴുകാന്‍ തുടങ്ങി.അടര്‍ത്തി മാറ്റിയിട്ടും ഉയിരിലുമുടലിലുമവള്‍ പടര്‍ന്നു മൂടുമ്പോള്‍,ഉണരാനോര്‍ത്തൊരു പ്രജ്ഞയെ മെല്ലെ പാടി മയക്കുന്നെന്നു തോന്നിയപ്പോള്‍ എപ്പൊഴോ പയ്യെ അവളെ വെറുക്കാന്‍ തുടങ്ങിയിരുന്നു.ജീവിതം ചവച്ച് നീട്ടിത്തുപ്പിയ ചോരപോലെ വഴിനീളെ പൂമരത്തിന്റെ പൂക്കള്‍ വാടിക്കിടന്നു.ഉള്ളു പറിച്ചെടുത്തൊരു ക്ഷയരോഗി തുപ്പിയ കഫക്കട്ടപോലെ അളിയാന്‍ തുടങ്ങുന്ന ചപ്പുകളില്‍ വീണുകിടന്ന കോളാമ്പിപ്പൂക്കള്‍ വെറുപ്പിരട്ടിപ്പിച്ചു. വാടിയ പൂക്കളെ,പുഴുത്തുവീണ നിറംകെട്ട ഫലങ്ങളെ,തായ് വേരില്‍നിന്നുണക്കം ബാധിച്ച് വിളറിയ മഞ്ഞളിപ്പുമായി നില്‍ക്കുന്ന പറങ്കിമാവുകളെ മാത്രം വഴിനീളെ കണ്ടു,വെറുപ്പ് സര്‍വ്വത്ര വെറുപ്പ്.ഇരയെ ഇറുകെപ്പുണര്‍ന്നൊരു രക്തയക്ഷിയെപ്പോലെ അവളെ കണ്ടു ജീവനിലേക്കാഴ്ത്തിയ കോമ്പല്ലുകളില്‍ ചോരക്കറ കണ്ടു.മനസ്സിന്റെ ഉറവകളില്‍ നിന്നൂറ്റിയെടുക്കപ്പെടുന്ന മനുഷ്യത്വം,ഇനി സന്നിവേശമാണ്.ദുരിത പര്‍വ്വങ്ങളുടെ രണഭൂമിയില്‍ തലയറ്റുപിടയുന്ന കബദ്ധങ്ങളാണോ നിലയറ്റ ആര്‍ത്തനാദങ്ങളാണോ ഒരു ഞെട്ടലോടെ ഉണര്‍ത്തിയതെന്ന് അറിയില്ല.ആത്മാവിന്റെ അവസാനകണവും അവളൂറ്റിയെടുക്കും മുന്‍പ് ആഞ്ഞു കുതറുകയായിരുന്നു.പറിഞ്ഞു ചിതറിപ്പോയ ഹൃദയത്തിന്റെ വേദന വെറുപ്പിന്റെ അല്ലെങ്കില്‍ പ്രതികാരത്തിന്റെ ഉറഞ്ഞുകയറുന്ന തരിപ്പില്‍ അറിയുന്നില്ലായിരുന്നു ഹൃദയത്തിന്റെ സ്ഥാനത്തൊരു കല്ലുപ്രതിഷ്ഠ വയ്ക്കാന്‍ തീരുമാനിച്ചത് അപ്പോഴായിരുന്നു.കണ്ണീരോ,തണ്ണീരോ,ഹൃദയമൂറ്റിയെടുത്ത രക്താര്‍ച്ചനതന്നെയോ ചെയ്താലും ഒരു തുള്ളിയേശാതെ,തൊടാന്‍ തോന്നിപ്പിക്കുന്നതും തൊട്ടാല്‍ കൈമുറിയുന്ന വശങ്ങളുമുള്ള ഒരു വെറും വെള്ളാരങ്കല്ല്.

കാലത്തിന്റെ പാഴിരുട്ടില്‍ പെട്ടുകിടന്ന കാതങ്ങള്‍ താണ്ടാന്‍ പാദങ്ങള്‍ക്കുപോലും ചിറകുകള്‍ വേണം,ലക്ഷ്യം മാത്രമാണ് ഏക ശ്രദ്ധ.ഉള്ളിലടിഞ്ഞ അവഗണനയുടെ,വെറുപ്പിന്റെ സെല്ലുകളാണ് ഊര്‍ജ്ജദായകം,അവജ്ഞയുടെ പരിഹാസത്തിന്റെ കൂക്കു വിളികളാണ് പ്രോത്സാഹനം.പലായനത്തിനു പരാജയമെന്നു പേരിട്ട് വിരല്‍ ചൂണ്ടി പൊട്ടിച്ചിരിക്കുന്നവര്‍ക്കിടയിലൂടെ ഒരു സാദാരണക്കാരനായി കൈലിയും മടക്കിക്കുത്തി കൈയ്യുംവീശി നടക്കണം. അവജ്ഞയുടെ മഞ്ഞളിച്ച നാളങ്ങള്‍ താനെയണയുന്നതുമാത്രം ഒന്നാസ്വദിക്കണം.പിന്നെ,പിന്നെയും ബാക്കിയാവുന്ന ഒന്ന് അവളെ ഒന്നുകൂടി കാണണമെന്നാണ് അന്നത്തെപ്പോലെ സുസ്മേരവദനയായി.വെള്ളിലപ്പൂഞ്ചേലചുറ്റി വെറ്റമുറുക്കിത്തുടുത്ത ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി,കാറ്റിലുലയുന്ന കാര്‍കൂന്തലില്‍ നിന്നുതിരുന്ന നറുമണം നുകര്‍ന്ന് ചൂണ്ടുവിരല്‍ ചുണ്ടില്‍ ചേര്‍ത്തവള്‍ നീട്ടിത്തുപ്പിയ മുരിക്കിന്‍ പൂക്കള്‍ പൊഴിഞ്ഞു കിടക്കുന്ന ഇടവഴികളിലൂടെ ഒന്നു കൂടി നടക്കണമെന്നുമാത്രമാണ്.

14 comments:

കാവലാന്‍ said...

വേഗത്തിലൊരുയാത്രയിലൊത്തിരി കാഴ്ച്ചകളില്‍ നിന്നിത്തിരി സ്മൃതികളുമാവാഹിച്ചൊരു മടക്കയാത്ര അല്പ നാളത്തേയ്ക്

keralainside.net said...

This post is being listed please categorize this post
www.keralainside.net

keralainside.net said...

This post is being listed please categorize this post
www.keralainside.net

kaithamullu : കൈതമുള്ള് said...

കാവലാനേ,
ഗദ്യകവിത പോലെ......


(ഒരു ചെറു കത്രിക..
കീ ബോര്‍ഡിലല്പം ശ്രദ്ധ...)

ഉപാസന || Upasana said...

കാവലാന്റെ റേഞ്ചിനൊപ്പം നില്‍ക്കാത്ത ഒരു കഥ. കുറേക്കൂടെ നന്നാക്കാമായിരുന്നു.
:-)
ഉപാസന

പാമരന്‍ said...

"അവജ്ഞയുടെ, പരിഹാസത്തിന്റെ, കൂക്കു വിളികളാണ് പ്രോത്സാഹനം"

ഗദ്യ കവിത തന്നെ.

എഴുത്തീരാന്‍ ക്ഷമ കാത്തില്ലെന്നു തോന്നുന്നല്ലോ.. മുന്‍കവിതകളിലെ ഊര്‍ജ്ജം, രോഷം, വിപ്ളവം, കരുത്ത്‌... ഇവിടെ ഒരൌണ്‍സു കുറഞ്ഞോ.... :(

പാമരന്‍ said...

പറയാന്‍ മറന്നു.. ശുഭയാത്ര! ഒന്നും പ്രതീക്ഷിക്കാതെ പോകുക. നിരാശപ്പെടേണ്ടല്ലോ. കിട്ടുന്നതൊക്കെ ലാഭം.

കാവലാന്‍ said...

പ്രിയ സുഹൃത്തുക്കളേ ക്ഷമിക്കുക വെപ്രാളത്തിനിടയ്ക്ക് വിട്ടുപോകുന്നവയെ ശ്രദ്ധിച്ചില്ല കൈതമുള്ളു കയ്യില്‍ കൊണ്ടപ്പൊഴാ അക്ഷരത്തെറ്റുകള്‍ തന്നെ ശ്രദ്ധിച്ചത്. നന്ദി കൈതമുള്ളേയ്. :)

ഉപാസന, പോരായ്മ ചൂണ്ടിക്കാണിച്ചതിനു നന്ദി.

പാമരന്‍,എഴുത്തിനോട് ഉത്തരവാദിത്വം പുലര്‍ത്താന്‍ കഴിയാതിരിക്കുമ്പോള്‍ എഴുതാതിരിക്കണം എന്നു ഞാന്‍ പഠിച്ചു.

karunamayam said...

http://karunamayam.blogspot.com/

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല സ്പീഡ് ഈ രചനയിൽ കാണാം
വായിച്ചിട്ടും എന്തൊ ബാക്കിയാകുന്നതു പോലെ

രണ്‍ജിത് ചെമ്മാട്. said...

wish You a very happy vecation...
all the best n happy journey

lakshmy said...

അപ്പോൾ ഇനി യാത്ര. ആശംസകൾ

Rare Rose said...

സ്മരണകളിലേക്കൂളിയിട്ടു പോകുന്നയീ യാത്രക്ക് ആശംസകള്‍..

murmur........,,,,, said...

shubhayathra nerunnu., vazhi eniyum orupadu minnuilundallo