Friday, October 10, 2008

ഭൂമി ഉര്ണ്ട്ട്ടല്ല

ഭൂമി ഉര്ണ്ട്ട്ടല്ല

പത്താംക്ലാസ്സില് പഠിക്കണ പിള്ളേരുള്ള കുടുമ്മത്ത് ചുമ്മാ കലഹമുണ്ടാക്കണ്ട കുട്ടേട്ടോ അവരെങ്ങാനും ഇതു കേട്ടാല്‍ തന്നെ വല്ല കാട്ടിലും കൊണ്ടു പോയി കളയും

പിന്നേ അവര് എന്തു പഠിക്കുണൂന്നല്ല ഞാന്‍ എന്ത് കാണണൂന്നുള്ളതാണ് എന്റെ ശരി.നീയ്യ് ഇവടെനിന്ന് ട്ട്
എല്ലാവടത്തേക്കും ഒന്നു നോക്ക്യേ..

നോക്കി, എന്തേ??

പരന്നിട്ടാണോ ഉര്ണ്ട്ട്ടാണോ കാണണേ?

അല്ല അതിപ്പൊ എങ്ങന്യാ പറയുക ഇത്തിരി ഉയരത്ത് നിന്നു നോക്ക്യാലെ അറിയാമ്പറ്റൂ.

നീ കുറ്ക്കന്‍ കുന്നിന്റെ മോളി ക്കേറീണ്ടൊ?

ഉവ്വ്

ന്നിട്ട് അവിടന്നു നോക്കീപ്പൊ എങ്ങന്യാ കണ്ടത്?

അങ്ങനെയല്ല കുട്ടേട്ടാ അതിങ്ങനെ വിമാനത്തിലൊക്കെ പോകുമ്പഴേ കാണാമ്പറ്റൂ, ടീവീലൊക്കെ കണ്ടിട്ടില്ലെ?

ടീവീല് എന്താ കണിക്കാന്‍ പറ്റാത്തെ ദിനോസറിനെ വരെ കാണിക്കിണില്യെ? അതൊക്കെപ്പൊ ഇണ്ടായിട്ടാ?

ചുമ്മാ താന്‍ ആളെ വടിയാക്കാന്‍ വേണ്ടി ഓരോന്നു പറഞ്ഞു നടന്നോ വേറാരും കേള്‍ക്കണ്ട വിഡ്ഢിത്തം.

പിന്നേ ഞാന്‍ നിക്ക് അറീണതേ പറയൂ ഞാന്‍ കണ്ടിട്ടില്ല ഭൂമീനെ ഉര്ണ്ട്ട്ട് അപ്പൊ നിക്ക് ഭൂമി പരന്നതാ.
യ്യൊന്ന് ആലോയ്ച്ചോക്യേ ഭൂമി ഉര്ണ്ട്ടാച്ചാല്‍ ന്റെ കണ്ടത്തിലെങ്ങന്യാ വെള്ളം നിക്കണെ?

ന്റമ്മോ താന്‍ എന്നെയങ്ങു കൊല്ല്, ടോ മനുഷ്യാ ഭൂമി എത്ര വല്യതാന്നാ തന്റെ വിചാരം?
ഭയങ്കര ബുദ്ധിമാനാന്നാ വിചാരം പൊട്ടത്തരം മാത്രെള്ളു കയ്യില്.

ന്നാ നീയ് ഒരു വല്യ പ്ന്തെടുത്തിട്ട് അയിന്റെ മീതെ ഇത്തിരി വെള്ളം നിര്‍ത്തിക്കാണിച്ച് തായൊ എന്തെ..

എനിക്കു വയ്യെന്റെ ദൈവമേ, ടോ മനുഷ്യാ അതിന് ആകര്‍ഷണ ശക്തി വേണം

പിന്നേ ആകര്‍ഷണം,തുടങ്ങി ഓരോരോ അനുതാരികള് അതെയ് അതാ ഞാന്‍ പറഞ്ഞത് ഭൂമി പരന്നിട്ടന്നെ.
നീ വേണച്ചാ ലോകത്ത് എവടെ വേണച്ചാല്‍ പോയി നോക്കിക്കോ ഭൂമി പരന്നിട്ടന്ന്യാണ്.

ശരി കുരോ വേറെന്തൊക്കെയാണാവോ അങ്ങയുടെ സങ്കല്പ്പങ്ങള്‍, ദിവ്യ പ്രബോധനങ്ങള്‍!!! അടിയന്‍...

ഹഹഹ അങ്ങനെ വഴിക്ക് വാ. എന്താപ്പൊ ഭൂമിക്ക് പരന്നിട്ടായാല്.

ഒരു കോഴപ്പോല്യ അങ്ങ് അടുത്ത കണ്ടു പിടുത്തം പറയു.

നീ ഞാറ്റ്യെട്ടീലിക്ക് പോര്ണ്വോ കയ്പ്പയ്ക്ക് പന്തലിടണം വയ്യിട്ട് ചിറ്റ് വെളക്കാ.

അയ്യൊ ഇന്ന് ഒന്നാന്ത്യാണോ?

പിന്നെ കുംഭം ഒന്നാ ചിറ്റാഴിക്കാരടെ വക്യാന്നാ കേട്ടത്.

വല്ല ഗുണോണ്ടാവുമോ അതോ കൊറെ ഒണക്കലുകളാണോ എന്തോ

അല്ലടാ അവരടെ ബോംബേക്കാര് പെമ്പിള്ളാരു വന്നിട്ട്ണ്ടത്രേ ഇന്ന് ചിറ്റ് വെളക്കിന് ഭക്തന്മാരടെ തിക്കും തെരക്ക്വാവും.

എന്താ പായസം?

എന്ത് പായസം കുത്തര്യന്നെ,ആ തിര്മേനി ഒന്ന് കഴ്കീട്ട് വെച്ചാ മത്യേര്‍ന്നു. കഴിഞ്ഞ തവണ കല്ലു കടിച്ചേന്റെ വേദന ഇതു വരെ മാറീല്യ.

ആല്ല, അമ്പലത്തീ കേറാള്ള വല്ല ഉദ്ധേശവുമുണ്ടോ?

ഏയ് ആ വക പരിപാടി നമ്മ് ക്കില്യ.

അപ്പോ പൂയത്തിന് വല്യ കാര്‍ന്നോപ്പാടായിട്ട് ചാടിക്കേറ്ണ് കാണാല്ലോ

അതിന് കുപ്പായഴിക്കണ്ടലോ.

അപ്പൊ ഷേര്‍ട്ടഴിക്കാത്യാച്ചാല്‍ കേറാംന്ന് അല്ലേ

കുപ്പായട്ടോണ്ട് മ്മളെക്കാണാന്‍ദൈവത്തിനു പറ്റ്ണില്യാച്ചാല്‍ ഞാന്‍ പൊറത്ത് നിന്നോളാന്നെ, അല്ലെങ്കി പിന്നെ പെണ്ണ് ങ്ങളും കുപ്പായടര്ത്.

ഹഹഹ കള്ളക്കാര്‍ന്നോരേ ഇതാണല്ലേ മനസ്സിലിരിപ്പ് വെറുതെയല്ല നല്ലപ്രായത്തില് കാരച്ചു പോയത്.

നിക്കെന്തറാ ഒര് കൊറവ് 45 വയസ്സ് ള്ളപെണ്ണിനാ അതോ നിക്കാ ആരോഗ്യം അതു പറ ഞാന്‍ വിചാരിച്ചാലേ കിളി കിളി പോലത്തെ പെമ്പിള്ളാരെ കിട്ടും ഇപ്പഴും ആഹ!

കുനുഷ്ടു ബുദ്ധീ വെറുതെയല്ല തന്റെ ഭൂമി പരന്നോണ്‍ടായത് ഒക്കെ തന്റെ സൗകര്യത്തിനനുസരിച്ചാവണം ല്ലേ
അല്ല എന്തായീ സൗന്ദര്യത്തിന്റെ ഒരു രഹസ്യം.

പണീട്ക്കണടാ പണീട്ക്കണം പണീട്ത്ത് ട്ട് എറച്ചീന്ന് ള്ള കൊഴ്പ്പ് എറങ്ങിപ്പോണം ന്നാലേ ഈ ഗ്ലാമറൊക്കെ കിട്ടൂ.

അല്ല, ഒച്ചീം എനക്കോന്നുല്യല്ലോ പ്രാണപ്രേയസി എവടെപ്പോയി?

എന്ത്!?

അല്ല സരസുത്യേച്ചി എവടെപ്പോയീന്ന്

ഓ അവള് പോയിണ്ടാവും നേരം വെളിച്ചാമ്പോ വല്ലോടത്തേം വെവരം തെരക്കാന്‍ ഒര് കോഴി മുട്ങ്ങീട്ത്ത് പൊരിക്കാന്‍ പറഞ്ഞിട്ട് ഇവളിതെവടെപ്പോയിരിക്ക്വാ ട്യേ......യ്.

മുട്ങ്ങ്യല്ല, മുട്ട കോഴിമുട്ട.

ആ അതന്നെ.

ഔ,ഔ എന്തൊരു ധൈര്യം ആളടുത്തൊന്നൂല്യാന്ന് ഒറപ്പാണ് ലേ അതാ ഒച്ചയിത്ര പൊന്തുന്നെ.

ഹും പിന്നേ അവളേനെണ്ടലോ ഞാന് ങ്ഹാ..

ഓ പിന്നെ പിന്നേ, ആങ്ങളമാര് മൂന്നാട്ടൊ ഇടിച്ചു ചപ്പാത്തിയാക്കും തന്നെ,വെറുതെ വെളച്ചിലെടുക്കണ്ട
കാലത്തെന്തായിരുന്നു കാപ്പിക്ക്?

ഓ, ദോശീണ്‍ടാക്കി വെച്ചേര്‍ക്കണു തേങ്ങ്യരച്ച് ചട്ണീം ആര്ക്ക് വേണം?

സംഭവം കഴിഞ്ഞോ?

അവടീണ്ട്, വായോ കഴിച്ച് ട്ട് ഞാറ്റ്വെട്ടീപ്പോകാം.

ഇതാണു കുട്ടേട്ടനുമൊത്തുള്ള ഒരു ഞായറാഴ്ചയുടെ ആരംഭം.നാല്പത്തഞ്ചു വയസ്സു പ്രായം ഇരുപത്തഞ്ചു വയസ്സിന്റെ ശരീരം. കുറേ കിടിലന്‍ ആശയങ്ങള്‍ പരന്ന ഭൂമി അതില്‍ തീരെച്ചെറിയ ഒന്ന്.നാട്ടിന്‍ പുറത്തെ നന്മ നിറഞ്ഞൊരു കഥാപാത്രം.അയിത്താചാരം നിലനിന്ന തറവാടിന്റെ വാതിലുകള്‍ ഇങ്ങേര്‍ മുതിര്‍ന്നതിനു ശേഷം ആര്‍ക്കുമുന്നിലും അടയുന്നില്ല നന്മനിറഞ്ഞ കുടുംബം.എപ്പോള്‍ ചെന്നാലും എന്തെങ്കിലും കൊറിക്കാന്‍
അല്ലെങ്കില്‍ ഒരു കട്ടനെങ്കിലും.കൊട്ടിയടച്ച വാതിലിനു പിന്നില്‍നിന്ന് ബീപ് ഹോളിലൂടെ നോക്കി തീര്‍ച്ചപ്പെടുത്തി
അല്പം തുറക്കപ്പെടുന്ന വാതിലുകളല്ല,സദാസമയവും സൗഹൃദത്തിന്റെ കൊച്ചു പിണക്കങ്ങളുടെ ഇണക്കങ്ങളുടെ ചിരിയും ഒച്ചയും കലമ്പലുകളും ചുറ്റും പരത്തുന്ന ജീവനുള്ളൊരു വീട്.ഞായറാഴ്ച്ചകളിലെ പ്രഭാതം മിക്കവാറും തുടങ്ങാറുള്ളത് അവിടെനിന്നായിരുന്നു. നാട്ടില്‍ നിന്നു പോന്നിട്ട് അങ്ങേരുടെ മിസ്കോളില്ലാത്ത ഒരു ദിവസമെങ്കിലും കടന്നു പോയിട്ടില്ല.

14 comments:

കാവലാന്‍ said...

"കൊട്ടിയടച്ച വാതിലിനു പിന്നില്‍നിന്ന് ബീപ് ഹോളിലൂടെ നോക്കി തീര്‍ച്ചപ്പെടുത്തി
അല്പം തുറക്കപ്പെടുന്ന വാതിലുകളല്ല,സദാസമയവും സൗഹൃദത്തിന്റെ കൊച്ചു പിണക്കങ്ങളുടെ ഇണക്കങ്ങളുടെ ചിരിയും ഒച്ചയും കലമ്പലുകളും ചുറ്റും പരത്തുന്ന ജീവനുള്ളൊരു വീട്."

നന്മ നിറഞ്ഞ നാട്ടിന്‍പുറവര്‍ത്തമാനങ്ങളില്‍ നിന്നു കുറച്ച് പങ്കു വയ്ക്കാം

മാറുന്ന മലയാളി said...

ഇത്തരം ജീവ്വസ്സുറ്റ സൌഹൃദങ്ങളും ബീപ് ഹോളിലൂടെ നോക്കി തീര്‍ച്ചപ്പെടുത്താത്ത മനസ്സുമൊന്നും കണികാണാന്‍ പോലും സാധിക്കുമോ പുതു തലമുറയ്ക്ക്

Sarija N S said...

വിനു വീണ്ടും നിന്റൊപ്പം ഒരു നാട്ടിന്‍പുറ സവാരി. നന്നായിരിക്കുന്നു. ന്നാലും ഭൂമി പരന്നത് തന്ന്നല്യെ? യ്ക്കും ഒരു സംശയം...

അനില്‍@ബ്ലോഗ് said...

നന്മനിറഞ്ഞ നാട്ടിന്‍ പുറം !

പഴങ്കഥകള്‍ തന്നെ ശരണം.

ഓഫ്ഫ്:

തലക്കെട്ട് കണ്ട് വേറെന്തോ നിരീച്ചു :)

സി. കെ. ബാബു said...

ഓഫ് ടോപ്പിക്കാണെങ്കി അങ്ങനെ! അല്ലാന്നൊണ്ടെങ്കി ഇങ്ങനെ! :)


ഭൂമി പരന്നതാണെന്ന കുട്ടേട്ടന്റെ അഭിപ്രായത്തോടു് നോം പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാണെന്നാകിലും, ഭൂമി ഉരുണ്ടതല്ലേന്നൊരു സന്ദേഹം ഇല്ലാണ്ടുമില്ല. ആരെങ്കിലും ഒന്നു് തെളിയിച്ചു് തന്നിരുന്നെങ്കില്‍ വല്യ ഉപകാരം ആയേനെ. പക്ഷേങ്കി ലിങ്കുകള്‍ വേണ്ട. പുസ്തകങ്ങള്‍ടെ ഒന്നും പേരും വേണ്ട. വായിക്കാന്‍ അറിയാത്തതുകൊണ്ടല്ല, സമയക്കുറവു് കാരണം നമുക്കു് വായിക്കുന്നതു് പിടികിട്ടാറില്ല. തെളിവുകള്‍ ഏതാണ്ടു് വായുഗുളിക പരുവത്തിലുള്ളതും, വായിക്കാതെതന്നെ നമുക്കു് പിടികിട്ടുന്ന നിലവാരം ഉള്ളതും ആയിരിക്കണം. തെളിവുകള്‍ ഭയഭക്തിബഹുമാനങ്ങളോടെയും, പ്രാര്‍ത്ഥനാഗാനാലാപനത്തോടുകൂടെയും, കൂട്ടവിലാപത്തോടുകൂടെയും വേണം നമ്മുടെ മുന്നില്‍ ഹാജരാക്കാന്‍. ഹാജരാക്കിയശേഷം മുഴുവന്‍ ആണുങ്ങളും, വയസ്സികളായ പെണ്ണുങ്ങളും അതിവിശുദ്ധസ്ഥലങ്ങളില്‍ നേര്‍ച്ചയിട്ടിട്ടു്‌ പിന്‍‌വാങ്ങുന്നതുപോലെ, പിന്നോട്ടു് നടന്നു്‌ മറഞ്ഞുകൊള്ളണം. അതേസമയം യുവകന്യകമാര്‍ക്കു് അവരുടെ പൃഷ്ഠഭാഗം നമ്മുടെ നേരെ തിരിക്കുവാന്‍ അനുവാദമുണ്ടെന്നു് നോം ഇതിനാല്‍ ദൈവനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. നേര്‍ച്ചയിലും, കാഴ്ചയിലും, വാഴ്ചയിലും പൃഷ്ഠമാംസത്തില്‍ നോം അതീവസന്തുഷ്ഠനാണെന്നു് ഭക്തരോടു് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പുരയുടെ ഉത്തരങ്ങള്‍ അല്ലാതെ മറ്റു് കാര്യമായ ഉത്തരങ്ങള്‍ ഒന്നും നമുക്കു് വലിയ പിടിയില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിലാണു് നമ്മുടെ കഴിവു് മുഴുവനും ഇരിക്കുന്നതും, നില്‍ക്കുന്നതും, കിടക്കുന്നതും! അതുകൊണ്ടു് ഏതു് തെളിവുകള്‍ ഹാജരാക്കിയാലും നോമിന്റെ വെളിപാടുകളുമായി അവ പൊരുത്തപ്പെടുകയില്ല എന്നു് വന്നാല്‍ നോം‍ അവയെ മറുചോദ്യങ്ങള്‍ കൊണ്ടു് നേരിടും. “ആയിരം ബുദ്ധിമാന്മാര്‍ക്കു് പുറത്തെടുക്കാന്‍ കഴിയാത്ത കല്ല് ഒരു വിഡ്ഢി കിണറ്റിലിട്ടുകളയും” എന്നാണല്ലോ! ജന്മനാതന്നെ ഒരു ചോദ്യപണ്ഡിതനായ നോം‍ ഒരു വിഡ്ഢിയാണു് എന്നാണു് അതിനര്‍ത്ഥം എന്നു് കരുതുന്ന അല്പജ്ഞാനികളേ! നിങ്ങള്‍ വെളിപാടിന്റെ പുസ്തകങ്ങള്‍ വായിക്കുക. നോം വായിച്ചിട്ടില്ല എങ്കിലും കിണറ്റില്‍ കല്ലിടുന്നവനല്ല, കിണറ്റില്‍ നിന്നും ആ കല്ലെടുക്കാന്‍ കഴിയാത്ത ബുദ്ധിന്മാന്മാരാണു് വിഡ്ഢികള്‍ എന്നു് ആ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്‌. അതു് നോം വിശ്വാസം വഴി മനസ്സിലാക്കിയതാണു്‌. വിശ്വാസത്തിലും കഥയിലും ചോദ്യമില്ല എന്നറിയുക!

അതിനാല്‍ നോമിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന “യുഖ്ഥിവ്യാഥികള്‍‍” സൂക്ഷിക്കുക! ലിങ്കുകളുമായി എന്റെ അടുത്തു് വരുന്ന മണ്ടശിരോമണികള്‍ പ്രത്യേകം സൂക്ഷിക്കുക: “ലിങ്കിനു് പകരം ലിംഗം!!”

ആത്മീയചിന്തയുടെ ഭാഷയില്‍ പറഞ്ഞാല്‍: beware of your limgams!!!

എന്നു്,
സ്വന്തം,

സ്വാമി, അമ്മ, വെല്യാമ്മ, മാതാവു്, പിതാവു്, അപ്പന്‍, അപ്പൂപ്പന്‍, കപ്യാരു്, മുക്രി, ശാന്തി, മാന്തി, ജ്ഞാനി, ശാസ്ത്രി, മേസ്ത്രി, പണ്ഡിതന്‍, കുണ്ഠിതന്‍, ബുദ്ധിമാന്‍, ശക്തിമാന്‍, തത്വചിന്തകന്‍, മതചിന്തകന്‍, വിചാരകന്‍, അവിചാരകന്‍, ഇതിനൊക്കെ മുകളില്‍ വല്ല അദൃശ്യ-അജ്ഞാത-അപൂര്‍വ്വ-അഭൗമ-ഭീകരശക്തികളുമുണ്ടെങ്കില്‍ ആ ജാതിയില്‍ പെട്ട ഒക്കെയുടെയും “കന്‍”.

(വിരലടയാളം)

ശ്രീവല്ലഭന്‍. said...

ha haa Babuji!!!

ചിന്തകൻ said...

ബാബു സാര്‍ നന്നായിരിക്കുന്നു. എനിക്കിഷ്ടപ്പെട്ടു. കാവലാനും അഭിനന്ദനങ്ങള്‍. നല്ല സുഖം വായിക്കാന്‍
:) ആസ്വദിച്ച് ശരിക്കും -:)-:)-:).

എവിടെയോ എന്തോ കാര്യമായി കൊണ്ടമാതിരു തോന്നുന്ന്ണ്ട്.

അജ്ഞാതന്‍ said...

കാവലാനെ പോസ്റ്റ് കലക്കീട്ടാ.....

കാവലാന്‍ said...

മാ മലയാളീ, പുതു തലമുറയെ പഴിക്കരുതെ കടന്നു പോകുന്ന തലമുറയിലേക്കൊന്നു നോക്കൂ പിറകെ വരുന്നവര്‍ക്ക് എത്ര ഇടുങ്ങിയ ഇടനാഴിയാണവര്‍ ഒരുക്കിയിരിക്കുന്നതെന്ന്! നന്ദി സന്ദര്‍ശനത്തിന്.

സരിജ,ഭൂമി ശരിക്കും പരന്നിട്ടന്ന്യാന്ന് ആര്‍ക്കാപ്പൊ അറിയാത്തെ? :)

അനില്‍@, ഇതു പഴങ്കഥയല്ല ഇനി ചെന്നാലും അതിനൊന്നും മാറ്റമുണ്ടാവില്ല. മുന്നെക്കൂട്ടി ഒരു ധാരണ എപ്പൊഴും നല്ലതു തന്നെ തെറ്റിദ്ധാരണയല്ലെങ്കില്‍. നന്ദി വായനയ്ക്ക്.

സീകെ മാഷേയ്, എന്റെ കട്ടപ്പൊഹ കണ്ടെ അടങ്ങൂ അല്ലേ??? ഇപ്പറഞ്ഞതൊന്നും കൂടാതെ ഒരു മന്ത്രവാദിയുണ്ട് നാട്ടില്‍ ചുട്ടകോഴിയെ തിന്നുന്നയാളാ വെറുതെ കളിക്കല്ലേ ;) നന്ദി സന്ദര്‍ശനത്തിന്.

വല്ലഭന്‍ ജീ,ടാങ്ക്യൂ....:)


ചിന്തകന്‍,നന്ദി അഭിപ്രായത്തിന്. പിന്നെ എന്തോ കൊണ്ട പോലെ തോന്നുന്നെങ്കില്‍ സൂക്ഷിക്കണം
ഈക്വല്‍ ഏന്റ് ഓപ്പോസിറ്റ് റിയാക്ഷനേയ് വേറൊന്ന്വല്ല. :)

അജ്ഞാതാ..... നന്ദീണ്ട്ട്ടോ അഭിപ്രായത്തിന്.

രണ്‍ജിത് ചെമ്മാട്. said...

ഞായറാഴ്ച്ചകളിലെ പ്രഭാതത്തെക്കുറിച്ച്
പറഞ്ഞ് കൊതിപ്പിക്കാതെ മാഷേ.........

lakshmy said...

ഞാനും എത്തി അങ്ങു നാട്ടിലേക്ക്

നന്ദു | naNdu | നന്ദു said...

"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...!"
നന്ദി കാവലാന്‍...

Jithendrakumar/ജിതേന്ദ്രകുമര്‍ said...

സംശല്ല്യ.. ഭൂമി പരന്നിട്ടന്ന്യാ.. അല്ലെങ്കില്‍ അണ്റ്റാര്‍ട്ടിക്കിലൊക്കെ ആളോള്‌ തലകുത്തി നടക്ക്വാണോ?? അങ്കിട്‌ വീണുപോവില്ലേ!! അതുപോലെ ഭൂമി തിരിയുണൂല്ല്യ. സൂരനന്ന്യാ ഒാടിപ്പായണത്‌..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാട്ടിന്‍പുറത്തെ പഴയൊരു നായര്‍ തറവാട്ടിലെ ശുദ്ധ വെണ്ണപോലെ സ്നിഗ്ദമായ ഭാഷ..സന്തോഷമായി പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന്..