Thursday, July 17, 2008

ബൂലോക മലകളുടെ പ്രസവം.

ഒരു ദിവസം നേരം പുലര്‍കാലേ വലിയ ഒച്ചയും വിളിയും ബഹളം പരക്കമ്പാച്ചില്‍ നാട്ടുകാരോടിക്കൂടുന്നു
ദേ കിഴക്കന്‍ മല മുക്കുന്നു,മൂളുന്നു,ഞരങ്ങുന്നു ഞെളിപിരികൊള്ളുന്നു.കണ്ടവര്‍ കണ്ടവര്‍ മൂക്കത്തു വിരല്‍ വെച്ചും തലയ്ക്കു കൈവച്ചും ഓരോരോ അഭിപ്രായം കാച്ചി വിടുന്നു.

''ആ മുക്കലും മൂളലുമൊക്കെ കണ്ടിട്ട് ഒരാനക്കുട്ടീന്യങ്കിലും പെറണ ലക്ഷണ്ടലോ'' അനവധി പേറെടുത്ത വയറ്റാട്ടിത്തള്ള പറയും

ഏയ് ആനക്കുട്ട്യൊന്ന്വല്ല വല്ല പോത്തും കുട്ട്യോ പൈക്കുട്ട്യോറ്റെ ആവും വടക്കേലെ അമ്പ്രാള് അതും പറഞ്ഞ്
ഊരയും വെട്ടിച്ച് നടന്നു പോവും.

"ഇത് ലക്ഷണം കണ്ടിട്ട് ഒരെത്തും പിടീം കിട്ട് ല്യല്ലോ ദൈവേ''ന്നും പറഞ്ഞ് പാടത്തെ പണിക്കാരും പോയിക്കഴിഞ്ഞാവും കെഴക്കേ കരേമ്മെയുള്ള കുംഭാരന്‍ ഗോയിന്നനും,കോവാലനും കവുങ്കിന്റെ അലകു കൊണ്ടുണ്ടാക്കിയ കൊട്ടയില്‍ തായ മുറിഞ്ഞ മഴുവും കുറച്ചു വള്ളിയും തെരികയും വൈക്കോലുമായി രണ്ടുമൂന്നു കുംഭാരത്തികളും,ഉന്തിയ വയറിനു മീതെ കാട്ടുചേനത്തണ്ടിന്റെ പുള്ളി പോലെ ചുണങ്ങുള്ള,മൂക്കൊലിപ്പുള്ള കുറേ ചറുങ്ങു പിറുങ്ങു പിള്ളാരും പിന്നെ മുരിങ്ങക്കോലു പോലെ വാലും കറുത്ത മോന്തയും ഉണങ്ങിയ ശരീരവുമുള്ള ചൊടിയുള്ള നാലഞ്ചു പട്ടികളേയും കൊണ്ട് കാട്ടിലേയ്ക്കു പോണത്.

യേന്ത് കൂട്ടാണ് ആവ്ടെ ഓര് തീക്കും തേറ്ക്കും കാണ് ണ്.......

വെള്ളൂ.....പാണ്ടാ....ചൂട്ടാ ഓട്റാ.........ദൂശ്റാ ദൂശ്റാ........

കല്പന കേള്‍ക്കുന്നതും കുംഭാരന്റെ പട്ടിപ്പട കുതിക്കും മലയുടെ അടിവാരം മാന്തി മറിക്കാന്‍ തുടങ്ങും

കുംഭാരത്തികള്‍ വയ്ക്കോല്‍ത്തുറുവില്‍ മുളകുതിരുകി അടുത്തടുത്ത മടകളിലെല്ലാം തിരുകി പുകയൂതുന്നു
മലയാകെ ഇളകീട്ടും കുമ്പാരര്‍ക്കെന്ത്!

ആകാംഷയുടെ പരകോടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ പാണ്ടനും ചൂട്ടനും വാശിയോടെ മണ്ണു മാന്തുന്നു....

ഗോയിന്ന,കോവാല,കളത്രപുത്ര ശുനകാദികളുടെ അലര്‍ച്ച ബഹളം...

ദ്ദൂശറാ..............പാണ്ടാ...............ദ്ദൂശറാ.....

പെട്ടന്ന് വല്യോരു......

എന്നു വച്ചാല്‍ വല്യവല്യോരു

തൊരപ്പനെലി ചാടുന്നു

ഒറ്റച്ചാട്ടത്തിനതു പാണ്ടന്റെ കടിയില്‍ കീ.......................എന്നൊരു ശബ്ദത്തോടെ ഞരങ്ങുന്നു.

അന്തം വിട്ടുനിന്നവരെല്ലാം വിട്ട അന്തമെല്ലാം അടിച്ചുകൂട്ടി മടിശ്ശീലയിലിട്ട് തല്‍ക്കാലം പഞ്ചായത്തു കെണറ്റില്‍നിന്നു വെള്ളം കോരാനും
ഷാപ്പില് ഹാജരുവെയ്ക്കാനും ധൃതിപ്പെട്ടു പോവുന്നു.ഇതു ഭൂ ലോകത്തൊരു സ്ഥിരം കാഴ്ച്ച.

കാഴ്ചകള്‍ കണ്‍ടുകണ്ട് ചെന്നു കയറിയതാവട്ടെ മറ്റൊരു ബൂലോകത്ത്.
അവിടേം സ്ഥിതി തഥൈവ......എന്നു പറയാന്‍ പറ്റില്ല എന്നാലും ഇടയ്ക്കൊക്കെ ഒരു ഞെരിപിരി എരി പിരി സഞ്ചാരം കുംഭാരനെ തിരിഞ്ഞു നോക്കി എവിടെ ! ബൂലോകത്തെന്തു കുംഭാരന്‍?

അപ്പൊ പിന്നെ കാത്തിരിപ്പുതന്നെ ശരണം.
ഒടുവില്‍ ബൂലോക മലപെറ്റു വല്യൊരു വല്യ വല്യൊരു കൊപ്പര.
ഒന്നല്ല ദിവസേന പെറ്റു ,പോര ഓരോ മണിക്കൂറിലും പെറ്റു എന്നു പറയുന്നതാവും ശരി.ഒടുവില്‍ കുറേപ്പേര്‍ കൂടി കൊപ്പരയൊന്നാട്ടി നോക്കി.

ഹും! പിണ്ണാക്കിന്റെ ഗുണം പോലുമില്ലാത്തകൊപ്പര എന്ന് എഴുതിത്തള്ളി‌‌‌‌‌‌.
----സ്യ ഗുണസ്യ എന്നൊരു വെറും ചൊല്ലല്‍ പോലായി കാര്യങ്ങള്‍,ഇപ്പഴും ദിവസേനെ ഒരു കൊപ്പരവീതം ആ മല പെറും.

പിന്നെ ദേ വരുന്നു പേറുമുറ്റിയമലകള് വരിവരിയായി......
ബൂലോകം ഗവര്‍മ്മെണ്ട് ആശുത്രീലെ പ്രസവവാര്‍ഡായി മാറി എന്നു തോന്നാന്‍ തുടങ്ങി.

ഓരോ മുക്കിനും ഓരോന്നു പെറുന്നു....... മരഞ്ചാടിയായും,വാല്‍മാക്രിയായും,മണ്ണാങ്കട്ടയായും,വിരൂപനായും,കുടിലനും, കൂശ്മാണ്ഡനും,കുരുടനുമായവവരെ പിറന്നു വീണുകൊണ്ടേയിരിക്കുന്നു........
ഇനിയും അവസാനിക്കാത്ത പ്രവാസം എന്നൊക്കെ പറയുമ്പോലെ.........
ധാരാവി ധാരാവി....എന്നൊക്കെ വെറുതെ ഓര്‍മ്മവരുന്നു.

13 comments:

കൌടില്യന്‍ said...

എന്തൊരു ഭാവന!
ആആആശംസകള്‍................

കാവലാന്‍ said...

കൌടില്യന്‍ said...
"എന്തൊരു ഭാവന!
ആആആശംസകള്‍................"

July 16, 2008 3:09 AM

ഹഹഹ മതി
കൗടില്യാ താങ്കള്‍ സമാധിയായില്ലെന്നു സമാധാനിക്കയെങ്കിലും ചെയ്യാന്‍ വേണ്ടി ഒന്നു പുകയിട്ടു നോക്കിയതാ.അകമഴിഞ്ഞനന്ദി അഭിനന്ദങ്ങള്‍ക്ക്.

തണല്‍ said...

കാവലാനേ,
പുകച്ചു ചാടിക്കുന്നോ?
ഇവിടം മറ്റൊരു ചുടലക്കളമാക്കല്ലേയിഷ്ടാ..പേടിയാവുന്നൂ..:)

കിണകിണാപ്പന്‍ said...

ഓരോ മുക്കിനും ഓരോന്നു പെറുന്നു....... മരഞ്ചാടിയായും,വാല്‍മാക്രിയായും,മണ്ണാങ്കട്ടയായും,വിരൂപനായും,കുടിലനും, കൂശ്മാണ്ഡനും,കുരുടനും കാവലാനും, കിണകിണാപ്പനും, കുതന്ത്രമാഷും, കുടോത്ര തമ്പ്രാനും, കുചേലഗുരുവും പിന്നെ... പിന്നെ....

കാവലാന്‍ said...

തണലേ നിന്റെ കാക്കപ്പാതിയെനിക്കു തരാമോ? കാവ്യാസ്വദനത്തിന്റെ ബലിക്കല്ലില്‍ തലയറഞ്ഞു മരിച്ച അതിന്റെ അവശിഷ്ടമെങ്കിലും തരാമോ?.

പേടിക്കാനെന്തിരിക്കുന്നിഷ്ടാ ഇത് ബൂലോകം ഭൂതലോകമൊന്നുമല്ല.

കണകിണാപ്പാ......സ്ഥലം കാലം കുലം ധര്‍മ്മം.

രണ്‍ജിത് ചെമ്മാട്. said...

വിട്ടുകള,
കാവലാനേ.....

ഗുപ്തന്‍ said...

ഹഹഹ
സബറൊം കി സിന്ദഗി ജോ ഭീ നഹീ കദം ഹോ ജാത്തീ ഹേ... അദന്നേ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ധാരാവി എവിടെയായിട്ടു വരും?

അനൂപ്‌ കോതനല്ലൂര്‍ said...

എന്റെ കാവാലാനെ നമോ വാഹം
ഞാന്‍ തന്നെ പ്രണമിച്ചു പോണു

പാമരന്‍ said...

:)

മൃദുല്‍ രാജ് /\ MRUDULAN said...

രണ്ട് മാസം മുംമ്പ് ഇതു പോലെ ഒരു "മുക്കല്‍" നടന്നു. കൂടെ എല്ലാവരും മുക്കി. ഒരു 'കറുത്ത' മുക്കല്‍. എന്നിട്ടെന്തായി? മല പെറ്റോ? അതോ ഒരു തൊരപ്പന്‍ ഇഞ്ചി മാന്തിയതായിരുന്നോ? ഏതായാലും കൂടെ മുക്കിയവര്‍ എല്ലാം ഷാപ്പിലും, റേഷന്‍ കടയിലും പോയി. അത്ര തന്നെ.

കാവലാന്‍ said...

രന്‍ണ്‍ജിത്ത് വിട്ടുകളഞ്ഞു,കളയുമ്പൊ അങ്ങു ചൂഴ്ന്നെടുത്തുകളയണം പിന്നെയതവിടെക്കിടന്നു വിങ്ങരുതല്ലോ.

ഗുപ്ത്...:)

പ്രിയ,..നീരാവി നീരാവീന്നു കേട്ടിട്ടില്ലെ ചിലരു പുട്ടുചുടാനും,ചിലരു കപ്പലോടിക്കാനും ഉപയോഗിക്കുന്ന സംഭവം.ധാരാവി വഹയില്‍ അതിന്റെ വല്യേച്ചിയായിട്ടുവരും.:)

അനൂപണ്ണോ....സുഖിനോ ഭവന്തുഃ.

പാമര്‍......ന മര്‍ ;)

മൃദുല്‍, മലമുക്കുന്നത് എലിയെപ്പെറാന്‍....

എല്ലാരും കൂടി മുക്കുന്നത് എന്തിന് എന്നുവച്ചാല്‍ ഞാന്‍ വിവരിക്കണോ? അത്യാവശ്യാച്ചാല്‍ മണ്ണാത്തി കല്യാണി എടയ്ക്കു പറയണ ഒരു പേച്ചുണ്ട് പറയാം.

പാര്‍ത്ഥന്‍ said...

ദ്ദൂശറാ..............പാണ്ടാ...............
ഒറ്റച്ചാട്ടത്തിനതു പാണ്ടന്റെ കടിയില്‍ കീ.......................എന്നൊരു ശബ്ദത്തോടെ ഞരങ്ങുന്നു.


എന്ത്ട്ട്‌ കാച്ചാ ഈ കാച്ചണേ.

സാട്ട്‌മാട്ട്‌ക്കളെ വിട്ട്‌ കാച്ചും നിന്നെ.