Monday, June 23, 2008

എനിക്കു വേണ്ടി പെയ്ത മഴയ്ക്ക്.

ആദ്യത്തെ പരീക്ഷണ പ്രവാസത്തിന്റെ ഒന്നര വര്‍ഷത്തിനു ശേഷം,പ്രവാസം ഇനി ജീവിതത്തിലില്ലെന്നുറച്ച് വീട്ടിലെത്തിയത് ഒരു ജനുവരിമാസത്തിന്റെ മദ്ധ്യത്തിലായിരുന്നു.കനലുകള്‍ കുറെ വീണു പൊള്ളിയ ഉള്ള് എങ്ങനെ തണുക്കും എന്നാലോചിച്ചിരുന്നില്ല.

നീല പ്ലാസ്റ്റിക്കു കസേരയില്‍ കാലു രണ്ടും തിണ്ണയില്‍ കയറ്റിവച്ച് ഭാവിയിലേക്കെന്നപോലെ വിദൂരതയുടെഅനിശ്ചിതത്വത്തിലെവിടെയോ നോക്കി ഉള്ളില്‍ തിങ്ങുന്ന പറയാനാവാത്ത ഒരു വിഷമത്തോടെ ഞാനിരുന്നു.തെളിഞ്ഞ ആകാശം മകരമാസാരംഭമാണെന്നു തോന്നുന്നു
ചെറിയ മുറ്റം കളം പണികഴിഞ്ഞിട്ട് ചാണകം തേച്ചിട്ടിരുന്നു.വെയില്‍ അല്പം ചൂടു പിടിച്ചു തുടങ്ങിയിരുന്നു.
മുഷിഞ്ഞമനസ്സിനൊപ്പം പുഴുകുന്ന ചൂടും കൂടിയായപ്പോള്‍ ഇട്ടു വന്ന ഷര്‍ട്ടഴിച്ച് ഉമ്മറത്തെ ടേബിളിലിട്ടു അമ്മ അതെടുത്ത് അകത്തു പോയി,അമ്മയ്ക്കറിയാമായിരിക്കാം അതാവാം അമ്മ തെല്ലു വിശേഷാന്വേഷണങ്ങള്‍ക്കപ്പുറം ഒന്നും ചോദിക്കാതിരുന്നത്.

വിദൂരമെന്നു തോന്നിയ ദിക്കില്‍ പെട്ടന്ന് ഇരുണ്ട
കാര്‍മേഘങ്ങളുയര്‍ന്നു നിമിഷങ്ങള്‍ക്കകം ചിന്തയുടെ ഏകാന്തതടവിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടു,പതിവു ബഹളങ്ങള്‍ കേട്ടു തുടങ്ങി.അച്ഛമ്മയുടേയും തുടര്‍ന്ന് അയല്‍വക്കത്തുകാരുടേയും ബഹളങ്ങള്‍.പൂരങ്ങള്‍ അടുക്കാറായ സമയത്ത് ഇങ്ങനെയൊരു മഴ ആരും പ്രതീക്ഷിച്ചില്ലായിരുന്നു.ഒന്നും ഒരുക്കി വയ്ക്കാന്‍ ആര്‍ക്കും സമയം കിട്ടാന്‍ വഴിയില്ല.വെയിലത്തിട്ടിരുന്ന കൊപ്രയും പയറ്,പാവയ്ക്കാ കൊണ്ടാട്ടവുമെല്ലാം പെറുക്കി അകത്തു കയറ്റുമ്പോഴേയ്ക്കും കാവലാംചിറയുടെ പടിഞ്ഞാറേ പാടത്തിനക്കരെ നിന്നും മഴയുടെ അന്ത്യശാസനം കേട്ടു തുടങ്ങി,പെട്ടന്ന് ഒരിടിവെട്ടി.വിഷാദം ഇരുട്ടുപാവിയ മനസ്സിന്റെ ഉള്ളറകളിലേക്ക് അതിന്റെ വെളിച്ചം കടന്നിരിക്കാം ഞാന്‍ ഞെട്ടിയുണര്‍ന്നു കൈകള്‍ രണ്ടും ഒന്നു കൂട്ടിത്തിരുമ്മി ഒന്നു നിവര്‍ന്നിരുന്ന് മഴയെ കണ്‍ടു.ആണ്ടൊന്നു കഴിഞ്ഞിട്ടും ഒന്നു വിളിക്കാതെ ഒരു കുറിപ്പയക്കാതെ അവളെ കരയിപ്പിച്ചതിന് മഴയായിഎന്നോടു പകരം ചോദിക്കുകയായിരിക്കുമെന്നു തോന്നി.പടിഞ്ഞാറേ നടവഴിയിലെ കരിയിലകളിലൂടെ മഴയുടെ ചിലമ്പൊച്ച കേട്ടു.മഴ അടുത്തെത്തിയതറിഞ്ഞ് ഇനിയെല്ലാം നനയാന്‍ വിട്ട്.അച്ഛമ്മയുടെ പരിവേദനം.

ഹൗ എന്തൊരു കാലാ ത്....ങ്ങനീണ്ടൊ ഒരു മഴ പട്ടാപകല്!

ഇടതൂര്‍ന്ന കാര്‍കൂന്തലഴിച്ചിട്ട് നാലുദിക്കിന്റെയും കണ്ണുമറച്ച് സ്വകാര്യമായി ഇറയത്തു നിന്നും നനുത്ത വിരലുകളാലെന്റെ മുഖം മുതല്‍ ഒരൊറ്റ വീര്‍പ്പിനവള്‍ തലോടി.

"എറയത്ത് ഇരിക്കണ്ട ചെക്കാ വന്ന വായൂന് വെറ്തെ ശീതടിച്ച് പനി പിടിപ്പിക്കണ്ട."

മഴയെ ആസ്വദിച്ചിരുന്ന ഞാന്‍ അച്ഛമ്മയെ ഒന്നു തിരിഞ്ഞു നോക്കി.

"നോക്കിപ്പേടിപ്പിച്ചൊ തലയ്ക്കെണ്ണം വെന്ന് കെടക്കുമ്പൊ അറിയാം,.....ഞാനൊന്നും പറയ്ണ് ല്യേയ്.."

പിന്നെന്തൊക്കെയോ ഒച്ച കുറച്ചു പറഞ്ഞ് അവര്‍ അകത്തേയ്ക്കു പോയി ഞാന്‍ മഴയിലേക്കും. ഒരു നൂറു പരിഭവങ്ങള്‍ പെയ്തു തീര്‍ക്കുന്ന പോലെ എല്ലായിടത്തു നിന്നും എന്നോടു കലഹിച്ചു.കരിമ്പനത്തലപ്പുകളില്‍ പുളിമാവിന്‍ കൊമ്പുകളില്‍ താഴത്തെ വളപ്പിലെ കവുങ്ങിന്‍ തലപ്പുകളില്‍ വാശിയോടെ പെയ്തമര്‍ന്നു.
കുറെ സമയത്തിനു ശേഷം അത് ഇടയ്ക്കൊരു തേങ്ങല്‍ പോലെ ചെറുതായി.നനുത്ത മഴത്തുള്ളികള്‍ ഇഴയെടുത്തു കെട്ടിയ ഈറന്‍ മുടിത്തുമ്പില്‍ നിന്നെന്ന പോലെ എന്റെ മുഖത്തേക്കു തൂവി.അവളുടെ മനസ്സു തന്നെയായിരിക്കുമോ പെയ്തു തോര്‍ന്നത് ഇപ്പോള്‍,അതേ സ്നേഹം തന്നെയാണോ എന്നില്‍ തൂവിയിട്ടു പോയ ഈ മഴത്തുള്ളികള്‍! മനസ്സ് ഇരുട്ടില്‍ നിന്നും ഒരു പ്രകാശത്തിലേക്കു കടന്നതു പോലെ തോന്നി,മുറ്റത്തെ തെങ്ങിന്റെ വശത്തുനില്‍ക്കുന്ന മുല്ലകള്‍ക്കിടയില്‍ നിന്ന് തിളങ്ങുന്ന നീലചിറകുള്ള ഒരു ചിത്രശലഭം പറന്നുവന്ന് തിണ്ണയിലേക്കു നീട്ടി വച്ച എന്റെ കാല്‍ വിരല്‍ തുമ്പിലിരുന്നു.അത്ഭുതം തോന്നതിരുന്നില്ല എത്രമാത്രം മുഷിഞ്ഞ മനസ്സുമായാണു ഞാനിവിടെയിരുന്നത് എന്ന് ഓര്‍ക്കാന്‍ പോലുമാവാത്തവിധം മനസ്സു മാറിപ്പോയി.
അതിന്റെ ചിറകുകളുടെ ഭംഗിയില്‍ കണ്ണു നട്ടിരിക്കേ ഒരുകയ്യില്‍ കട്ടന്‍ കാപ്പിയും ഒരു തോര്‍ത്തുമായി അമ്മ വന്നു അതു കണ്ടാവണം ആ ശലഭം പെട്ടന്നു പറന്നു പോയി.

"ഒര് ഗ്ലാസ്സു കട്ടങ്കാപ്പി കുടിച്ചൊ,നിന്നെക്കാണിക്കാനാ ഇപ്പൊ മഴ പെയ്തേന്നാ തോന്നണത്.കൊല്ലം ഒന്ന് കഴിഞ്ഞില്യേ ഇവടത്തെ മഴയൊക്കെ കണ്ടിട്ട്."

തോര്‍ത്തുമുണ്ടെടുത്ത് തല അമര്‍ത്തിത്തോര്‍ത്തിത്തരുന്നതിനിടയ്ക്ക് അമ്മ പതുക്കെ പറഞ്ഞു കൊണ്ടിരുന്നു.ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ തേച്ച് കാവലാം ചിറയുടെ ആഴംകുറഞ്ഞ കടവിലെ കല്ലില്‍ നിര്‍ത്തി കുളിപ്പിച്ചിരുന്ന നാളിലെ കുട്ടിയെപ്പോലെ ഞാന്‍ കണ്ണടച്ചിരുന്നു.

18 comments:

Seema said...

കാച്ചിയ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ തേച്ച് കാവലാം ചിറയുടെ ആഴംകുറഞ്ഞ കടവിലെ കല്ലില്‍ നിര്‍ത്തി കുളിപ്പിച്ചിരുന്ന നാളിലെ കുട്ടിയെപ്പോലെ ഞാന്‍ കണ്ണടച്ചിരുന്നു.

നന്നായിരിക്കുന്നു....

സി. കെ. ബാബു said...

എഴുതാതെ നിറയുന്ന മനസ്സിലെ എഴുത്തുകള്‍ മഴയായി പെയ്തൊഴിയുന്ന നിശ്ശബ്ദനിമിഷങ്ങള്‍ അധികവും ഏകാന്തമാണു്. ഇടിയും മിന്നലും ഒന്നുമില്ലാതെ, ആരും അറിയാതെ, ആരെയും അറിയിക്കാതെ!

നന്ദി, ഇവിടെ പങ്കുവയ്ക്കപ്പെട്ട ഈ മഴയ്ക്കു്.

Sarija N S said...

എന്താ വിനു നിന്‍റെ മനസ്സിലും ഒരു വിഷാദം?

ശ്രീ said...

ചിലപ്പോഴെങ്കിലും മഴ പെയ്യുന്നത് നമ്മുടെ ഉള്ളം തണുപ്പിയ്ക്കാന്‍ കൂടിയാണ്... അല്ലേ മാഷേ.
:)

തറവാടി said...

നല്ല കുത്തിക്കുറിപ്പുകള്‍ :)

Rare Rose said...

നിരാശയിലാഴ്ന്ന മനസ്സിനെ തണുപ്പിക്കാന്‍ എങ്ങു നിന്നെന്നറിയാതെ ഓടിയണഞ്ഞ മഴ...മഴ എപ്പോഴും അങ്ങനെയാണു...തന്റെ സാമീപ്യത്തിലൂടെ ഉള്ളിലുറഞ്ഞുകൂടുന്ന കാര്‍മേഘക്കൂട്ടങ്ങളെയെല്ലാം അലിയിച്ചില്ലാതാക്കും........മഴയുടെ നനവിനൊപ്പം അവസാനത്തെ വരികള്‍ അമ്മയുടെ വാത്സല്യത്തിന്റെ ഊഷ്മളതയും പകര്‍ന്നു നല്‍കി.....നന്നായീ ട്ടോ മഴയ്ക്കായുള്ള ഈ സമര്‍പ്പണം......:)

Sharu.... said...

കാച്ചിയ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ തേച്ച് കാവലാം ചിറയുടെ ആഴംകുറഞ്ഞ കടവിലെ കല്ലില്‍ നിര്‍ത്തി കുളിപ്പിച്ചിരുന്ന നാളിലെ കുട്ടിയെപ്പോലെ ഞാന്‍ കണ്ണടച്ചിരുന്നു.

അമ്മയുടെ വാത്സല്യവും
മഴയും കാട്ടി കൊതിപ്പിക്കുകയാണോ? അതിനിടയിലെവിടെയൊക്കെയോ വിഷാദം തല നീട്ടുന്നു. നല്ല എഴുത്ത് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെയ്തൊഴിഞ്ഞ മഴ!!!

നന്നായിരിക്കുന്നു

Ranjith chemmad said...

"ഇടതൂര്‍ന്ന കാര്‍കൂന്തലഴിച്ചിട്ട് നാലുദിക്കിന്റെയും കണ്ണുമറച്ച് സ്വകാര്യമായി ഇറയത്തു നിന്നും നനുത്ത വിരലുകളാലെന്റെ മുഖം മുതല്‍ ഒരൊറ്റ വീര്‍പ്പിനവള്‍ തലോടി." great.........

ഈ ചൂടിലും
ഒന്ന് മഴ നനഞ്ഞു ഞാന്‍

Sherikutty said...

nannayittundu.....oh.....

ശിവ said...

ഈ മഴ നനയാന്‍ ഞ്ജാനുമുണ്ടേ!

പാമരന്‍ said...

ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ തേച്ച് കാവലാം ചിറയുടെ ആഴംകുറഞ്ഞ കടവിലെ കല്ലില്‍ നിര്‍ത്തി കുളിപ്പിച്ചിരുന്ന നാളിലെ കുട്ടിയെപ്പോലെ ഞാന്‍ കണ്ണടച്ചിരുന്നു.

ആഹാ.. എന്തൊരു അനുഭൂതി..

പാര്‍ത്ഥന്‍ said...

കാവലാനെ,
വായനയിലുടനീളം കുളിരുന്നുണ്ടായിരുന്നു. പ്രകൃതിയുടെ തലോടല്‍ ചിലപ്പോള്‍ അമ്മയുടെ ലാളനയേക്കാള്‍ ഹൃദ്യമായി തോന്നാം.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
ഗീതാഗീതികള്‍ said...

മഴയുടെ സ്നേഹവും അമ്മയുടെ സ്നേഹമഴയും ഓര്‍മ്മിപ്പിക്കുന്ന ഈ കുറിപ്പ് അതീവ ഹൃദ്യം. കാവലാന് ഭാവുകങ്ങള്‍.

തപസ്വിനി said...

ഒരിക്കലും പറഞ്ഞാല്‍ തീരാത്ത ഈ മഴ...നന്നായി.

സത്യത്തില്‍ ഫാന്‍ ഫുള്‍ സ്പീഡിലിട്ട് അതിന്‍റെ ഇരമ്പത്തില്‍ പുറത്തൊരു മഴപെയ്യുന്നെന്ന് വിശ്വസിച്ചാണ് പലപ്പോഴും ഞാന്‍ ഉറങ്ങാറുള്ളത്. വല്ലാത്തൊരു സുരക്ഷിതത്വബോധം....

smitha adharsh said...

നാടും,വീടും...
അച്ഛമ്മയുടെ ലാളനയും
അമ്മയുടെ സ്നേഹവും
പ്രകൃതിയുടെ വികൃതിയും
എല്ലാം കാണാന്‍ കഴിഞ്ഞു ...ഹൃദയ സ്പര്‍ശിയായ പോസ്റ്റ്

പിരിക്കുട്ടി said...

mazha enthokkeyo ormippichu alle?