Wednesday, March 5, 2008

ബാച്ചീസ് സ്പെഷ്യല്‍‍ സുഖിയന്‍

ഓ ഇതത്ര കോപ്ലിക്കേറ്റൊന്നുമല്ലന്നേ സിമ്പിള്‍ വെരി വെരി സിമ്പിള്‍
താഴെക്കൊടുക്കുന്ന സാധനങ്ങളെടുത്തു വയ്ക്കൂ
ചെറുപയര്‍ - ഒരു കിലോ
ശര്‍ക്കര - രണ്ടുകിലോ
ഏലക്കായ് - നൂറു ഗ്രാം
(മുന്തിരി,അണ്‍ടിപ്പരിപ്പ്,കച്ചോലം,ഇരട്ടിമധുരം,ചോന്നെരത്ത എന്നിവ അവനവന്റെ തന്റേടത്തിനനുസരിച്ച് ചേര്‍ക്കാവുന്നതാണ്)
ഇത്രയും സാധനങ്ങളും,വായ് വട്ടം കുറഞ്ഞ ഒരു പാത്രം, വെള്ളം,സ്റ്റൗ മുതലായവയും കരുതുക
അരക്കഴഞ്ച് പരിഭ്രമം കടുകിട്ടു വറുത്തു മാറ്റിവയ്ക്കണം.
വാതിലടച്ച് ജനലയിലൂടെ പുറത്തേയ്ക്കുനോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തുക.ഭയപ്പെടേണ്ട ബാച്ചീസ് സുഖിയന് ഭയങ്കര ഏകാഗ്രത ആവശ്യമാണ്.ചായക്കട പരമനെ മനസ്സില്‍ ധ്യാനിച്ച് പയറ് അടുപ്പത്തുവയ്ക്കുക വറുത്തു മാറ്റിവച്ച പരിഭ്രമത്തില്‍ നിന്ന് ഒരു പിടിയെടുത്തിട്ട് നന്നായി ഇളക്കുക. അതിനു ശേഷം റൂമില്‍ തേരാപാരാ നടക്കുക പരമന്റെ കറുത്ത എണ്ണച്ചട്ടിയില്‍നിന്നും അര്‍മാദിച്ചു കയറിവരുന്ന പരിപ്പുവട,ഉഴുന്നുവട,മുതലായവയെ കണ്ണടച്ചു ധ്യാനിക്കണം.
ഇനി പയറിന്റെ വേവ് ഒന്നു നോക്കുക ഓ പാതിവേവായിക്കാണുമെന്നേ.
ഇങ്ങു പോരുക വീണ്‍ടും നട....ഇപ്പോള്‍ കൂട്ടത്തില്‍ പറയാത്ത ഒരു സംഭവം ചേര്‍ക്കണം.
ഒരൊന്നരെക്കിലോ കണ്‍ഫ്യൂഷന്‍,അതെങ്ങനെയാണെന്നു വച്ചാല്‍....
ഈ ശര്‍ക്കര എപ്ലാ ചേര്‍ക്ക്വാ?????
പാതി വേവിലാണോ,വെന്തിട്ടാണോ?????
വെന്തതിനു ശേഷം ചേര്‍ത്താല്‍ അയകൊയാ ന്നായിത്തീര്വോ?
ഇത് എണ്ണേല് ഇടണതും എട്ക്കണതുമല്ലാതെ ഒന്നും കണ്ടിട്ടൂല്യ..
ശ്ശോ...ഒരു കാര്യം ചെയ്യൂ. വേഗം ബാക്കി മാറ്റിവച്ച പരിഭ്രമവും ഏലക്കയയും,ഉരുക്കിവച്ച ശര്‍ക്കരയും എടുത്ത് തിളച്ചു കൊണ്ടിരിക്കുന്ന പയറിലിടൂ.
ഹാവൂ പകുതി സമാധാനമായി, ഇല്ലേ.
ഇനി പതുക്കെ ഒരു സ്പൂണിട്ട് ഇളക്കുക.....
അല്പ്പസമയത്തിനു ശേഷം നോക്കൂ ചളപളാന്നു തെളയ്ക്കുന്നതു കാണാം പത്തു മിനിട്ടിനു ശേഷം പയറിന്റെ വേവൊന്നു നോക്കൂ....
ഓ പോര, ഒന്നു കൂടി തെളയ്ക്കട്ടെ.
ഇനി സ്പൂണൊന്നിട്ടു നോക്കൂ ഇളക്കാന്‍ ചെറിയൊരു പ്രയാസമില്ലേ,കുഴപ്പമില്ല അല്പംകൂടി പരിഭ്രമം ചേര്‍ത്ത് ഇടതു കൈകൊണ്‍ട് പാത്രത്തിലൊന്നു പിടിക്കണം
ഹമ്മ്മോ.... പൊള്ളിയോ? എയ് സാരമില്ലേന്നേയ്.
സ്പൂണതിലിട്ട് ഇടതുവിരലിലൊന്നൂതുകയോ, ശ് ശ് ശൂ എന്നശബ്ദത്തോടെ നാവുകൊണ്ട് നനയ്ക്കുകയോ ചെയ്യാം. അനന്തരം ഒരു തുണിയെടുത്ത് വലതു കൈകൊണ്‍ട് പാത്രം പിടിച്ച് ഇടതുകൈകൊണ്ട് സ്പൂണെടുക്കണം ഇപ്പോഴും ശ് ശ് ശ് എന്ന ശബ്ദം പുറപ്പെടാന്‍ സാധ്യതയുണ്ട്,സാരമില്ല.
എന്തു പറ്റി? സ്പൂണെടുക്കാന്‍ പറ്റുന്നില്ലേ?
അയ്യോ പറ്റിച്ചോ!
വലതു കൈ കൊണ്ടൊന്നു ശ്രമിച്ചുനോക്കൂ... രക്ഷയില്ലാ.
ഇപ്പോ കുറേശ്ശെ പുക വരുന്നതു കാണാം സംശയിക്കേണ്ട തലയില്‍ നിന്നല്ല പാത്രത്തില്‍ നിന്നു തന്നെയാണ് സ്റ്റൗവ്വങ്ങ് ഓഫ് ചെയ്തേക്കൂ.
ഇനി അല്പ്പം വിശ്രമിച്ചുനോക്കൂ.....ഹാവൂ എന്തൊരാശ്വാസം.കൈകളില്‍ ചെറിയ നീറ്റലുണ്ടാവും,ബര്‍ണോള്‍ ഉടെങ്കില്‍ നല്ലതാണ്.കിതപ്പൊക്കെ മാറിയാല്‍ ഒന്നു ചെന്നു നോക്കുക കലത്തില്‍ നിന്നും സ്പൂണിന്റെ വാല്‍ പുറത്തേയ്ക്കുകാണാം.
ഒരു കൈകൊണ്ടെന്നെടുത്തുനോക്കൂ, പണ്ട് കല്യാണസൗഗന്ധികത്തിനു മാര്‍ഗ്ഗതടസ്സം നിന്ന ഹനുമാന്റെ വാല്‍ ‍സ്മരിച്ച് ഒന്നു കൂടിശ്രമിച്ചു നോക്കൂ. കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍....
ഹൊ കശ്മലന്മാര്‍ വരുന്നതിനു മുന്നേക്കൂട്ടി ചടുപിടേന്നൊരു കുളികഴിക്കുക അടുത്ത സിനിമാതിയ്യറ്ററിലേയ്ക്ക് സ്കൂട്ടാവുക മൊബൈല്‍ സ്വിച്ചോഫ് മസ്റ്റാണേ,ഇല്ലെങ്കില്‍ വരാനുള്ള തെറി എയറില്‍ തങ്ങില്ല എസ് എം എസ്സായും വരും.

9 comments:

ശ്രീ said...

അത്രേം ചെയ്തു. ഇനി ഇപ്പോ ഈ കിട്ടിയിരിയ്ക്കുന്ന ഈ വിഭവത്തിനിടാന്‍ പറ്റിയ ഒരു പേരു കൂടി പറഞ്ഞു താ മാഷേ...
:)

ഡാലി said...

ഹ ഹ കിടിലന്‍!

‍പ്രാഞ്ചീസ് said...

കാവലാനേ,

ഈ അണ്ടീടെ പരിപ്പു് നിര്‍ബന്ധാണോ? തന്റേടം ശ്ശി കൊറവാന്നു് കൂട്ടിക്കോളൂ!

Sharu.... said...

ഇങ്ങനെയും ഒരു വിഭവം.... ???? :)

കാവലാന്‍ said...

പ്രിയ സുഹൃത്തുക്കളേ ഇനീം എന്നോടു സംശയം ചോദിക്കാന്‍ മാത്രം ധൈര്യം നിങ്ങള്‍ക്കെങ്ങനെ കിട്ടുന്നൂ എന്നെനിക്കു മനസ്സിലാവുന്നില്ല.
ശ്രീ ആ പാത്രവും,സ്പൂണും പിന്നെ അതിലുള്ള വിഭവവും തമ്മില്‍ കാരയ്ക്കാമിഠായി പോലെ ഒട്ടിപ്പോയി അതൊന്നു വേറിടുത്താന്‍ പെട്ടപാട് പറഞ്ഞാല്‍...
ഡാലി...കടു മുടുലന്‍ എന്നാണ് കൂടുതല്‍ ചേരുക.
പ്രാഞ്ച്യേ............യ്.

ഹരിത് said...

ഹഹഹ കൊള്ളാം

ബാജി ഓടംവേലി said...

കൊള്ളാം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗ്യാസുണ്ടാകുമൊ..?
ഇതും ഒരു സംശയമാണെ...

നവരുചിയന്‍ said...

ആദ്യം വെള്ളം ചേര്‍കണ്ടെ?? .. പരിഭ്രമം മാത്രം മതിയോ ... പയറിന്റെ കൂടെ ??